
കൊളംബോ: ആദ്യ ടി20യില്‍(Sri Lanka vs Australia 1st T20I) ലങ്കയെ 19.3 ഓവറില്‍ 128 റണ്‍സില്‍ ഓസീസ് തളച്ചത് പേസര്‍മാരായ ജോഷ് ഹേസല്‍വുഡിന്‍റെ(Josh Hazlewood) നാല് വിക്കറ്റിന്‍റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ(Mitchell Starc) മൂന്ന് വിക്കറ്റിന്‍ററേയും പ്രകടനത്തിന്‍റെ കരുത്തിലാണ്. നാല് ഓവര്‍ പന്തെറിഞ്ഞ ഹേസല്‍വുഡ് 16 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് ലങ്കന്‍ താരങ്ങളെ പുറത്താക്കിയത്. തന്‍റെ മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി ഹേസല്‍വുഡ് ഏവരെയും ഞെട്ടിക്കുകയും ചെയ്‌തു.
ലങ്കന്‍ ഇന്നിംഗ്‌സിലെ പതിനാലാം ഓവറില്‍ ജോഷ് ഹേസല്‍വുഡ് പന്തെറിയാനെത്തുമ്പോള്‍ 102-2 എന്ന നിലയിലായിരുന്നു ആതിഥേയര്‍. ആദ്യ പന്തില്‍ കുശാല്‍ മെന്‍ഡിനെ(1) ആഷ്‌ടണ്‍ അഗറിന്‍റെ കൈകളില്‍ എത്തിച്ചു. രണ്ടാം പന്ത് ചരിത് അസലങ്ക പാഴാക്കിയപ്പോള്‍ മൂന്നാം ബോളില്‍ ഒരു റണ്‍. നാലാം പന്തില്‍ ഭാനുക രജപക്ഷയെ(0) മാത്യൂ വെയ്‌ഡിന്‍റെ കൈകളില്‍ ഭദ്രമാക്കി. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ദാഷുന്‍ ഷനക റണ്ണൊന്നും നേടാതിരുന്നപ്പോള്‍ ആറാം ബോളില്‍ ശനക(0) എല്‍ബിഡബ്ലൂ ആയി. ഒരു റണ്‍ മാത്രം പിറന്ന പതിനാലാം ഓവറില്‍ W 0 1 W 0 W എന്നിങ്ങനെയായിരുന്നു ജോഷിന്‍റെ പന്തുകളുടെ സ്റ്റാറ്റ്‌സ്. ഇതോടെ 103-5 എന്ന നിലയില്‍ ലങ്ക പരുങ്ങി. തന്‍റെ മൂന്ന് ഓവറുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 3-0-8-4 എന്നിങ്ങനെയായിരുന്നു ഹേസല്‍വുഡിന്‍റെ സ്റ്റാറ്റ്‌സ്. നേരത്തെ ലങ്കന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗുണതിലകയെ(26) ഹേസല്‍വുഡ് പുറത്താക്കിയിരുന്നു.
ഓസീസ് പേസാക്രമണത്തില്‍ തളര്‍ന്ന ലങ്ക ഒരുവേള 100-1 എന്ന നിലയില്‍ നിന്നാണ് 19.3 ഓവറില്‍ 128-10 എന്ന നിലയില്‍ അടിയറവുപറഞ്ഞത്. 28 റണ്‍സിനിടെ 9 വിക്കറ്റ് നഷ്‌ടമാവുകയായിരുന്നു. 34 പന്തില്‍ 38 റണ്‍സെടുത്ത ചരിത് അസലങ്കയാണ് ടോപ് സ്‌കോറര്‍. ഏഴ് ലങ്കന്‍ താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല.