
കൊളംബോ: മഴ വിടാതെ പിന്തുടര്‍ന്നതോടെ ശ്രീലങ്ക-പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തെ കളി അവസാനിപ്പിച്ചു. ആദ്യ ദിനമായ ഇന്നലെ 28.3 ഓവര്‍ ബാറ്റ് ചെയ്‌ത പാകിസ്ഥാനെ 10 ഓവര്‍ കൂടി ക്രീസില്‍ നില്‍ക്കാനേ ഇന്ന് മഴ അനുവദിച്ചുള്ളൂ. ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 166 റണ്‍സ് പിന്തുടരവെ 145-2 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാകിസ്ഥാന്‍ 38.3 ഓവറില്‍ 178-2 എന്ന നിലയില്‍ നില്‍ക്കേ കൊളംബോയില്‍ കനത്ത മഴയെത്തുകയായിരുന്നു. വന്‍ ലീഡ് കണ്ടെത്താമെന്ന പ്രതീക്ഷകള്‍ മഴ തട്ടിത്തെറിപ്പിച്ചപ്പോള്‍ 12 റണ്‍സിന് മാത്രമാണ് ബാബര്‍ അസവും സംഘവും ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്.
രണ്ടാം ദിനം ലങ്കയ്‌ക്കെതിരെ വന്‍ ലീഡ് ലക്ഷ്യമിട്ടാണ് ബാബര്‍ അസമും അബ‌്‌ദുള്ള ഷഫീഖും ക്രീസിലെത്തിയത്. എന്നാല്‍ രാവിലത്തെ സെഷനിലെ 10 ഓവറുകള്‍ മാത്രമേ ഇന്ന് എറിയാന്‍ മഴ അനുവദിച്ചുള്ളൂ. ഇന്നലെ ലങ്കയേക്കാള്‍ 21 റണ്‍സിന് പിന്നിലായിരുന്ന പാകിസ്ഥാന്‍ 12 റണ്‍സിന്‍റെ ലീഡ് ഇതിനിടെ സ്വന്തമാക്കി. രണ്ടാം ദിനം പിരിഞ്ഞപ്പോള്‍ 131 പന്തില്‍ 87* റണ്‍സുമായി അബ്‌ദുള്ള ഷഫീഖും 49 പന്തില്‍ 28* റണ്‍സുമായി ബാബര്‍ അസമും പാകിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ നാല് വിക്കറ്റുമായി അബ്രാര്‍ അഹമ്മദും മൂന്ന് പേരെ പുറത്താക്കി നസീം ഷായും ഒരു വിക്കറ്റുമായി ഷഹീന്‍ അഫ്രീദിയും 48.4 ഓവറില്‍ 166 റണ്‍സില്‍ ഓള്‍ഔട്ടാക്കിയിരുന്നു. ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ വിക്കറ്റ വീണ് തുടങ്ങിയ ലങ്കയ്‌ക്കായി ധനഞ്ജയ ഡി സില്‍വ(68 പന്തില്‍ 57), ദിനേശ് ചാന്ദിമല്‍(60 പന്തില്‍ 34), രമേഷ് മെന്‍ഡിസ്(44 പന്തില്‍ 27), ദിമുത് കരുണരത്‌നെ(37 പന്തില്‍ 17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. നിഷാന്‍ മധുഷനക(4), കുശാല്‍ മെന്‍ഡിസ്(6), ഏഞ്ചലോ മാത്യൂസ്(9), സദീര സമരവിക്രമ(0), പ്രബത് ജയസൂര്യ(1), അസിത ഫെര്‍ണാണ്ടോ(8), ദില്‍ഷാന്‍ മധുഷനക(0) എന്നിവര്‍ ഒറ്റയക്കമേ കണ്ടുള്ളൂ.
മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് മൂന്നാമത്തെ ഓവറില്‍ ഇമാം ഉള്‍ ഹഖിനെ നഷ്‌ടമായി. ഇതിന് ശേഷം രണ്ടാം വിക്കറ്റില്‍ 108 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി അബ്‌ദുള്ള ഷഫീഖും ഷാന്‍ മസൂദും വേഗത്തില്‍ സ്കോര്‍ ചെയ്‌തതോടെ പാകിസ്ഥാന്‍ മുന്‍തൂക്കം നേടുകയായിരുന്നു. അര്‍ധസെഞ്ചുറിക്ക് പിന്നാലെ മസൂദിനെ പുറത്താക്കാന്‍ അസിത ഫെര്‍ണാണ്ടോയ്‌ക്കായി എങ്കിലും ക്രീസില്‍ ഇതിനകം കാലുറപ്പിച്ച് കഴിഞ്ഞ അബ്‌ദുള്ള ഷഫീഖിനൊപ്പം പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ക്രീസിലുള്ളത് ലങ്കയ്‌ക്ക് കനത്ത ഭീഷണിയാണ്.
Read more: അടി ടോപ് ഗിയറില്‍; ശ്രീലങ്കയ്‌ക്ക് എതിരെ രണ്ടാം ടെസ്റ്റില്‍ മേല്‍ക്കൈ നേടി പാകിസ്ഥാന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം