മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് മൂന്നാമത്തെ ഓവറില്‍ ഇമാം ഉള്‍ ഹഖിനെ നഷ്‌ടമായി, ഇതിന് ശേഷമായിരുന്നു ശക്തമായ തിരിച്ചുവരവ്
കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ ശക്തമായ നിലയില്‍. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 166 റണ്‍സില്‍ പുറത്തായപ്പോള്‍ ആദ്യ ദിനം സ്റ്റംപ് എടുക്കവേ പാകിസ്ഥാന്‍ 28.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് നേടിയിട്ടുണ്ട്. ലങ്കന്‍ സ്കോറിനേക്കാള്‍ 21 റണ്‍സ് മാത്രം പിന്നിലാണ് 8 വിക്കറ്റ് കയ്യിലിരിക്കേ പാകിസ്ഥാന്‍. ബാബര്‍ അസമും(21 പന്തില്‍ 8*), അബ്‌ദുള്ള ഷഫീഖും(99 പന്തില്‍ 74*) ആണ് ക്രീസില്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഓപ്പണര്‍ ഇമാം ഉള്‍ ഹഖ്(6 പന്തില്‍ 6), അര്‍ധ സെഞ്ചുറി നേടിയ ഷാന്‍ മസൂദ്(47 പന്തില്‍ 51) എന്നിവരെ നഷ്‌ടമായി. അസിത ഫെര്‍ണാണ്ടോയ്‌ക്കാണ് ഇരു വിക്കറ്റും.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ നാല് വിക്കറ്റുമായി അബ്രാര്‍ അഹമ്മദും മൂന്ന് പേരെ പുറത്താക്കി നസീം ഷായും ഒരു വിക്കറ്റുമായി ഷഹീന്‍ അഫ്രീദിയും 48.4 ഓവറില്‍ 166 റണ്‍സില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ വിക്കറ്റ വീണ് തുടങ്ങിയ ലങ്കയ്‌ക്കായി ധനഞ്ജയ ഡി സില്‍വ(68 പന്തില്‍ 57), ദിനേശ് ചാന്ദിമല്‍(60 പന്തില്‍ 34), രമേഷ് മെന്‍ഡിസ്(44 പന്തില്‍ 27), ദിമുത് കരുണരത്‌നെ(37 പന്തില്‍ 17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. നിഷാന്‍ മധുഷനക(4), കുശാല്‍ മെന്‍ഡിസ്(6), ഏഞ്ചലോ മാത്യൂസ്(9), സദീര സമരവിക്രമ(0), പ്രബത് ജയസൂര്യ(1), അസിത ഫെര്‍ണാണ്ടോ(8), ദില്‍ഷാന്‍ മധുഷനക(0) എന്നിവര്‍ ഒറ്റയക്കമേ കണ്ടുള്ളൂ.
മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് മൂന്നാമത്തെ ഓവറില്‍ ഇമാം ഉള്‍ ഹഖിനെ നഷ്‌ടമായി. ഇതിന് ശേഷം രണ്ടാം വിക്കറ്റില്‍ 108 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി അബ്‌ദുള്ള ഷഫീഖും ഷാന്‍ മസൂദും വേഗത്തില്‍ സ്കോര്‍ ചെയ്‌തതോടെ പാകിസ്ഥാന്‍ മുന്‍തൂക്കം നേടുകയായിരുന്നു. അര്‍ധസെഞ്ചുറിക്ക് പിന്നാലെ മസൂദിനെ പുറത്താക്കാന്‍ അസിത ഫെര്‍ണാണ്ടോയ്‌ക്കായി എങ്കിലും ക്രീസില്‍ ഇതിനകം കാലുറപ്പിച്ച് കഴിഞ്ഞ അബ്‌ദുള്ള ഷഫീഖിനൊപ്പം പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ക്രീസിലുള്ളത് ലങ്കയ്‌ക്ക് കനത്ത ഭീഷണിയാണ്. ഇന്ന് അവസാന സെഷനില്‍ തകര്‍ത്തടിച്ച പാകിസ്ഥാന്‍ വെറും 28.3 ഓവറിലാണ് 145 റണ്‍സെടുത്തത്.
Read more: ആഷസ് അഞ്ചാം ടെസ്റ്റ് ജയിക്കണോ, ഓസീസ് ബാസ്‌ബോള്‍ ശൈലി സ്വീകരിക്കണം: ഗ്ലെൻ മഗ്രാത്ത്
