ആര്‍സിബിക്ക് ആശങ്ക; ഹസരങ്കയും ചമീരയും എന്‍ഒസി അപേക്ഷ നല്‍കിയില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

By Web TeamFirst Published Aug 23, 2021, 9:37 AM IST
Highlights

ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ഇരുവരും ആര്‍സിബിക്കായി കളിക്കുമെന്നുള്ളതായിരുന്നു അത്. പിന്മാറിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പകരമായിരുന്നു ഇരുവരേയും ടീമിലെടുത്തത്. 

കൊളംബൊ: കഴിഞ്ഞ ദിവസാണ് ശ്രീലങ്കന്‍ താരങ്ങളായ വാനിഡു ഹസരങ്ക, ദുഷ്മന്ത ചമീര എന്നിവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായ വാര്‍ത്ത പുറത്തുവന്നത്. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ഇരുവരും ആര്‍സിബിക്കായി കളിക്കുമെന്നുള്ളതായിരുന്നു അത്. പിന്മാറിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പകരമായിരുന്നു ഇരുവരേയും ടീമിലെടുത്തത്. 

എന്നാല്‍ ഇതിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ പറയുന്നത്. അനുമതിക്കായി ഇരുതാരങ്ങളും ബോര്‍ഡിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''എന്‍ഒസിക്കുള്ള അപേക്ഷ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കാനാവൂ. ഇരുവരേയും ആര്‍സിബിക്ക് വേണ്ടി കളിക്കുമെന്നുള്ള കാര്യം അറിഞ്ഞിരുന്നില്ല. ഇക്കാര്യം അവര്‍ പറഞ്ഞിട്ടുമില്ലായിരുന്നു.'' ഡി സില്‍വ വ്യക്തമാക്കി. 

നേരത്തെ നടന്ന ഐപിഎല്‍ താരലേലത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും ടീമില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യം കാണിച്ചില്ല. 50 ലക്ഷമായിരുന്നു ഇരുവരുടേയും അടിസ്ഥാനവില. ഇന്ത്യക്കെതിരെ ഇക്കഴിഞ്ഞ ടി20 പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ഇരുവരുടേതും. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്. 

ലോകകപ്പ് അടുത്തുനില്‍ക്കെ താരങ്ങള്‍ പൂര്‍ണ കായികക്ഷമത കൈവരിക്കണമെന്ന് ലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വീതം ഏകദിന- ടി20 മത്സരങ്ങളും ശ്രീലങ്കയ്ക്ക് കളിക്കണം. ഈ പരമ്പര കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

click me!