
മുംബൈ: ലോകകപ്പ് വിജയത്തിന് പിന്നാലെ മധുരമുള്ള ഒരു സമ്മാനം കൂടെ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ തേടി എത്തി. പ്രശസ്ത സംഗീത സംവിധായകനും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരനുമായ പലേഷ് മുച്ചൽ, തന്‍റെ ഇടത് കൈത്തണ്ടയിൽ 'എസ്എം 18' ടാറ്റൂ പതിപ്പിച്ചതിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വനിതാ ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച സ്മൃതിയോടുള്ള ഹൃദയസ്പർശിയായ ആദരവ് കൊണ്ടാണ് പലേഷ് ഈ ടാറ്റൂ ചെയ്തത്.
സ്മൃതിയുടെ ഇനിഷ്യൽസും ജേഴ്‌സി നമ്പറും സൂചിപ്പിക്കുന്ന'എസ്എം 18' എന്ന ടാറ്റൂ സോഷ്യൽ മീഡിയ പോസ്റ്റിൽ പലേഷ് പുറത്തുവിട്ടു. ഞായറാഴ്ച നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ പോസ്റ്റ്. ലോകകപ്പ് ട്രോഫിയുമായി അഭിമാനത്തോടെ ചിരിച്ചു നിൽക്കുന്ന സ്മൃതിയുടെ അരികിൽ നിൽക്കുന്ന പലേഷിന്‍റെ ചിത്രം രാജ്യമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കവർന്നു.
ഈ വിജയത്തോടൊപ്പം തന്നെ ഇരുവരുടെയും ബന്ധവും സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായി മാറി. പലരും ഇതിനെ മികച്ച വിവാഹ സമ്മാനം എന്ന് വിശേഷിപ്പിക്കുകയും സ്മൃതിയുടെ നേട്ടങ്ങളെ പരസ്യമായി ആദരിച്ചതിന് പലേഷിനെ അഭിനന്ദിക്കുകയും ചെയ്തു. 2019ൽ ആരംഭിച്ചതും 2024 വരെ സ്വകാര്യമായി സൂക്ഷിച്ചതുമായ സ്മൃതി - പലേഷ് പ്രണയകഥ ഈ നവംബറിൽ വിവാഹത്തിലെത്തും.
ലോകകപ്പിൽ 54.25 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 434 റൺസാണ് സ്മൃതി മന്ദാന നേടിയത്. ടീമിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ സ്മൃതിയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർഡിന് പിന്നിലായി ടൂർണമെന്‍റിൽ രണ്ടാമത്തെ ഉയർന്ന റൺസ് നേടിയ താരം സ്മൃതി മന്ഥാനയാണ്. നവി മുംബൈയിൽ ന്യൂസിലൻഡിനെതിരെ നേടിയ 109 റൺസാണ് ഈ ഇടംകൈയ്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം.
സെഞ്ചുറിക്ക് മുൻപ് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ നേടിയ 80, 88 എന്നിങ്ങനെ തുടർച്ചയായ സ്കോറുകളും നേടിയിരുന്നു. ഐസിസിയുടെ ലോകകപ്പ് 2025 ടീമിലും സ്മൃതിയെ ഉൾപ്പെടുത്തി, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ.