ഡല്‍ഹിക്ക് വീണ്ടും മോഹഭംഗം, സ്മൃതിയുടെ ചിറകിലേറി ആര്‍സിബി, വനിതാ ഐപിഎല്ലില്‍ രണ്ടാം കിരീടം

Published : Feb 05, 2026, 11:13 PM IST
Smriti Mandhana

Synopsis

ഡല്‍ഹി ഉയര്‍ത്തിയ റെക്കോര്‍ഡ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്ക് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ജോര്‍ജിയ വോളിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളാണ് കരുത്തായത്.

വഡോദര: ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 6 വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് രണ്ടാം കിരീടം. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം ലക്ഷ്യത്തില്‍ മറികടന്നാണ് ആര്‍സിബി വനിതാ ഐപിഎല്ലിലെ രണ്ടാം കിരീടം സ്വന്തമാക്കിയത്. 2024ലും ആര്‍സിബിയായിരുന്നു ജേതാക്കളായത്. തുടര്‍ച്ചയായി നാലാം ഫൈനലാണ് ഡല്‍ഹി തോറ്റത്.

 

ഡല്‍ഹി ഉയര്‍ത്തിയ റെക്കോര്‍ഡ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്ക് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ജോര്‍ജിയ വോളിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളാണ് കരുത്തായത്. സ്മൃതി മന്ദാന 41 പന്തില്‍ 87 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ വോള്‍ 54 പന്തില്‍ 79 റണ്‍സെടുത്ത് വിജയത്തിനരികെ മലയാളി താരം മിന്നുമണിയുടെ പന്തില്‍ പുറത്തായി. വോള്‍ പുറത്തായതിന് പിന്നാലെ റിച്ച ഘോഷും(2) സ്മൃതി മന്ദാനയും കൂടി മടങ്ങിയതോടെ ഡല്‍ഹിക്ക് പ്രതീക്ഷയായെങ്കിലും രാധാ യാദവ് ആ പ്രതീക്ഷ തകര്‍ത്തു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഗ്രേസ് ഹാരിസിനെ(9) നഷ്ടമായശേഷമായിരുന്നു ആര്‍സിബിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്.

37 പന്തില്‍ ജോര്‍ജിയ വോളാണ് ആദ്യം അര്‍ധസെഞ്ചുറി തികച്ചത്. സ്മൃതി 23 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 92 പന്തില്‍ 165 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. വനിതാ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 54 പന്തില്‍ 79 റണ്‍സെടുത്ത ജോര്‍ജിയ വോളിനെ മലയാളി താരം മിന്നുമണിയുടെ പന്തില്‍ ഷഫാലി വര്‍മ ക്യാച്ചെടുത്ത് പുറത്താക്കിയെങ്കിലും ജയത്തേിലേക്ക് അപ്പോള്‍ ആര്‍സിബിക്ക് 21 പന്തില്‍ 30 റണ്‍സ് മതിയായിരുന്നു. പിന്നാലെ റിച്ച ഘോഷിനെ നന്ദിനി ശര്‍മയുടെ പന്തില്‍ മിന്നുമണി പുറത്താക്കുകയും പത്തൊമ്പതാം ഓവറിലെ നാലാം പന്തില്‍ സ്മൃതി മന്ദാനയെ(41 പന്തില്‍ 87) ഹെന്‍റി ബൗള്‍ഡാക്കുകയും ചെയ്തത് ആര്‍സിബിയുടെ സമ്മര്‍ദ്ദം കൂട്ടിയെങ്കിലും തൊട്ടടുത്ത പന്തില്‍ രാധാ യാദവ് നല്‍കിയ ക്യാച്ച് മിന്നുമണി നിലത്തിട്ടത് ഡല്‍ഹിക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ശ്രീ ചരിണിയുടെ മൂന്നാം പന്തും നാലാം പന്തും ബൗണ്ടറി കടത്തി രാധാ യാദവ് ആര്‍സിബിയെ വിജയവര കടത്തി. നദൈന്‍ ഡി ക്ലാര്‍ക്ക്(7*) രാധാ യാദവിന്(5 പന്തില്‍ 12*) വിജയത്തില്‍ കൂട്ടായി.

 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ലിസ്‌ലി ലീ, ഷഫാലി വര്‍മ, ലോറ വോള്‍വാര്‍ഡ്, ഷിനൽ ഹെൻറി എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. 37 പന്തില്‍ 57 റണ്‍സെടുത്ത ജെമീമയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 25 പന്തില്‍ 44 റണ്‍സെടുത്ത ലോറ വോള്‍വാര്‍ഡ് അവസാന പന്തില്‍ റണ്ണൗട്ടായി. വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിലെ ഏറ്റുവും ഉയര്‍ന്ന വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും ഡല്‍ഹിക്ക് കിരീടം കൈയിലൊതുക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലങ്കയെ ഇറക്കി ഐസിസിയുടെ ‘രക്ഷാദൗത്യം, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കരുതെന്ന് പാകിസ്ഥാനോട് ശ്രീലങ്ക
'ഇന്ത്യയും ഓസ്ട്രേലിയയുമല്ല, ഇത്തവണ കപ്പടിക്കുക സര്‍പ്രൈസ് ടീം'; ലോകകപ്പ് വിജയികളെ പ്രവചിച്ച് അശ്വിൻ