ശ്രീലങ്കക്കെതിരായ ടെസ്റ്റിനിറങ്ങുമ്പോള്‍ 89 ടെസ്റ്റിൽ 4,095 റൺസും 348 വിക്കറ്റുകളുമായിരുന്നു ജഡേജയുടെ പേരിലുണ്ടായിരുന്നത്.
ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റിന്‍റെ മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റില്‍ 350 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട ജഡേജ, മുന്‍ ഇന്ത്യൻ നായകന്‍ കപില്‍ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിലും ഇടം നേടി. ടെസ്റ്റ് ക്രിക്കറ്റിൽ 4,000 റൺസും 350-വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ മാത്രം ഓള്‍ റൗണ്ടറുമെന്ന അപൂര്‍വ ഡബിളാണ് ജഡേജ സ്വന്തം പേരിലാക്കിയത്. കപിൽ ദേവ് (5,248 റൺസ്, 434 വിക്കറ്റ്), ഇംഗ്ലണ്ടിന്‍റെ ഇയാൻ ബോഥം (5,200 റൺസ്, 383 വിക്കറ്റ്), ന്യൂസിലൻഡിന്‍റെ ഡാനിയൽ വെട്ടോറി (4,531 റൺസ്, 362 വിക്കറ്റ്) എന്നിവരാണ് ഈ നേട്ടത്തില്‍ ജഡേജയുടെ മുന്‍ഗാമികള്‍.
ശ്രീലങ്കക്കെതിരായ ടെസ്റ്റിനിറങ്ങുമ്പോള്‍ 89 ടെസ്റ്റിൽ 4,095 റൺസും 348 വിക്കറ്റുകളുമായിരുന്നു ജഡേജയുടെ പേരിലുണ്ടായിരുന്നത്. ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയെ സ്ലിപ്പിൽ കെ എല്‍ രാഹുലിന്‍റെ കൈകളിൽ എത്തിച്ച് ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക്‌ത്രൂ നൽകിയ ജഡേജ കേശര നുവാന്തയെ പുറത്താക്കിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകളെന്ന ചരിത്രനേട്ടത്തിലെത്തിയത്. ഇന്ത്യൻ താരങ്ങളില്‍ അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്, ഹർഭജൻ സിംഗ് എന്നിവർക്ക് ശേഷം ടെസ്റ്റില്‍ 350 വിക്കറ്റുകൾ പൂർത്തിയാക്കുന്ന അഞ്ചാമത്തെ ബൗളർ കൂടിയാണ് ജഡേജ.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇടങ്കയ്യൻ സ്പിന്നർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ജഡേജയിപ്പോള്‍. ശ്രീലങ്കയുടെ രംഗണ ഹെറാത്ത് (433), ന്യൂസിലൻഡിന്‍റെ ഡാനിയൽ വെട്ടോറി (362) എന്നിവരാണ് ജഡേജയ്ക്ക് മുന്നിലുള്ളത്. ദേവ്ദത്ത് പടിക്കലിന്‍റെ സെഞ്ചുറി (167) മികവിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 462 റണ്‍സെടുത്ത ഇന്ത്യ മൂന്നാം ദിനം ലങ്കൻ ഇന്നിംഗ്സ് 284 റണ്‍സിൽ അവസാനിപ്പിച്ച് 178 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.
