കഴിഞ്ഞ ഐപിഎൽ സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ സഞ്ജു ഒരു അഭിമുഖത്തിൽ സംസാരിച്ചു എന്ന രീതിയിലായിരുന്നു പ്രചരണം.

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനെക്കുറിച്ച് അഭിമുഖത്തില്‍ മലയാളി താരം സഞ്ജു സാംസൺ പറഞ്ഞതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മുന്‍ താരം ആകാശ് ചോപ്ര. സഞ്ജു റുതുരാജിനെ വിമർശിച്ചുകൊണ്ട് അഭിമുഖം നൽകി എന്ന തരത്തിൽ എക്സ് പ്ലാറ്റ്‌ഫോമിൽ വൈറലായ പോസ്റ്റ് വ്യാജമാണെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎൽ സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ സഞ്ജു ഒരു അഭിമുഖത്തിൽ സംസാരിച്ചു എന്ന രീതിയിലായിരുന്നു പ്രചരണം. റുതുരാജിന് കീഴിൽ സിഎസ്കെ പരാജയപ്പെടുന്ന സാഹചര്യത്തിൽ ടീമിനെ നയിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, ഞാൻ സിഎസ്കെയെ ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ സഞ്ജു പറയുന്നത്. റുതുരാജിന്‍റെ ക്യാപ്റ്റൻസിയിൽ സിഎസ്കെ ഒന്നും നേടിയിട്ടില്ലെന്നും റുതുരാജ് വളരെ മോശം ക്യാപ്റ്റനാണെന്നും ലോകത്തിലെ ഏറ്റവും മികച്ച 11 കളിക്കാരെ നൽകിയാലും അവന് കിരീടം നേടാനാകില്ലെന്നും സഞ്ജു പറഞ്ഞുവെന്ന വ്യാജ പോസ്റ്റാണ് എക്സില്‍ പ്രചരിച്ചത്.

തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആകാശ് ചോപ്ര ഈ വ്യാജ പ്രചരണത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. ആളുകൾ ഈ വ്യാജ പോസ്റ്റ് വായിക്കുകയും അത് സത്യമാണെന്ന് കരുതി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. സഞ്ജുവിന് ക്യാപ്റ്റൻസി നൽകണം എന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ അത്തരമൊരു അഭിമുഖം നടന്നിട്ടേയില്ല. സഞ്ജു അങ്ങനെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അത് പൂർണ്ണമായും കെട്ടിച്ചമച്ച വാർത്തയാണെന്നും ചോപ്ര വ്യക്തമാക്കി.

2023-ൽ അഞ്ചാം കിരീടം നേടിയതിന് ശേഷം തുടർച്ചയായ സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേഓഫിൽ എത്താൻ സാധിച്ചിരുന്നില്ല. 2024-ൽ അഞ്ചാം സ്ഥാനത്തും, 2025-ൽ ഗെയ്ക്‌വാദിന് പരിക്കേറ്റതിനെത്തുടർന്ന് ധോണി നയിച്ചിട്ടും അവസാന സ്ഥാനത്തുമാണ് സിഎസ്കെ ഫിനിഷ് ചെയ്തത്. 2026-ൽ ഗെയ്ക്‌വാദ് ക്യാപ്റ്റൻസിയിൽ തിരിച്ചെത്തിയെങ്കിലും 6 ജയങ്ങളോടെ എട്ടാം സ്ഥാനത്താണ് ടീം സീസൺ അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക