
ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ അപരാജിത സെഞ്ചുറിയുമായി പാകിസ്ഥാനെ വിജയത്തിലെത്തിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍റെ സെഞ്ചുറിയായിയരുന്നു. ഓപ്പണര്‍ അബ്ദുള്ള ഷപീഖിനൊപ്പം(113) സെഞ്ചുറി നേടിയ റിസ്‌വാന്‍(121 പന്തില്‍ 131*) പക്ഷെ ബാറ്റിംഗിനിടെ പലപ്പോഴും പേശിവലിവ് മൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടി. കമന്‍ററിക്കിടെ സൈമണ്‍ ഡൂള്‍ നില്‍ക്കാന്‍ പോലുമാകാത്ത റിസ്‌വാന്‍ വൈകാതെ ക്രീസ് വിടുമെന്ന് പറഞ്ഞെങ്കിലും സഹ കമന്‍റേറ്ററും പാക് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനുമായിരുന്ന മാത്യു ഹെയ്ഡന്‍ പറഞ്ഞത് റിസ്‌വാന്‍ ജയിപ്പിച്ചേ കയറിവരൂ എന്നായിരുന്നു.
ഹെയ്ഡന്‍ പറഞ്ഞതുപോലെ റിസ്‌വാന്‍ കളി ജയിപ്പിക്കുകയും ചെയ്തു. പേശിവലിവ് കാരണം നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടിയിട്ടും വീരോചിത പ്രകടനത്തിലൂടെ ടീമിനെ ജയത്തിലെത്തിച്ച റിസ്‌വാന്‍റെ പ്രകടനത്തെ ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോഴും മത്സരശേഷം റിസ്‌വാന്‍ പറഞ്ഞ വാക്കുകള്‍ ആരാധകരെ അമ്പരപ്പിച്ചു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ സൈമണ്‍ ഡൂള്‍ കാലിലെ വേദന എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ചിലപ്പോഴൊക്കെ പരിക്ക് അഭിനയിച്ചതാണെന്ന റിസ്‍വാന്‍റെ മറുപടിയാണ് ആരാധകരെ അമ്പരപ്പിച്ചത്.
'തല മുതല്‍ തലൈവര്‍' വരെ, ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാനെത്തുന്നത് സൂപ്പര്‍ താരങ്ങളുടെ നീണ്ടനിര
ഇതോടെ റിസ്‌വാന്‍റെ പരിക്കിനെ ട്രോളി ആരാധകരും രംഗത്തെത്തി.സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ 37ആം ഓവറിൽ ധനഞ്ജയ ഡിസില്‍വയെ ഫ്രണ്ട് ഫൂട്ടില്‍ സിക്സിന് തൂക്കിയശേഷം റിസ്‍വാന്‍ പേശിവലിവ് കാരണം നിലത്ത് വീണിരുന്നു. ഇജ്ജാതി അഭിനയമെന്നും ഇങ്ങനെ പോയാൽ ഓസ്കര്‍ ഉറപ്പെന്നുമായിരുന്നു ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ ട്രോൾ. വൈകാതെ അണ്ണൻ സിനിമയിലെത്തുമെന്നും എന്‍റെ പൊന്നോ എന്തൊരു അഭിനയമെന്നും മറ്റൊന്ന്.
പരിക്ക് അഭിനയത്തിലെ വിദ്വാൻ സാക്ഷാൽ നെയ്മറുമായി വരെയെത്തി താരതമ്യം. ഇത് ഫുഡ്ബോളല്ലെന്നും ക്രിക്കറ്റ് കളിയാടോയെന്നും ഓര്‍മ്മപ്പെടുത്തൽ. അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ബാക്കി. പേശീവലിവ് അഭിനയമോ അതോ ശരിക്കും ഉണ്ടായിരുന്നതോ.