ഗ്രൂപ്പ് മത്സരങ്ങളില്‍ കേരളത്തിന്‍റെ നാലാം തോല്‍വിയാണിത്. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കാന്‍ ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നതിനാല്‍ അഹമ്മദ് ഇമ്രാനാണ് ഇന്ന് കേരളത്തെ നയിച്ചത്.
ലക്നൗ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തിലും കേരളത്തിന് നാണംകെട്ട തോല്‍വി. ആസമിനെതിരെ കേരളം അഞ്ച് വിക്കറ്റിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ആസം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പ്രദ്യുന്‍ സൈക്കിയ ആണ് ആസമിന്‍റെ ടോപ് സ്കോറര്‍.
102 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആസമിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റൻ ഗാദിഗാവോങ്കറെ(8) നഷ്ടമായി. ഷറഫൂദ്ദീനാണ് ആസമിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പവര്‍ പ്ലേ തീര്‍ന്നതിന് പിന്നാലെ രോഹിത് സെന്നിനെ(19) അഖില്‍ സ്കറിയ പുറത്താക്കി. എന്നാല്‍ പ്രദ്യുന്‍ സൈക്കിയയും ഡെനിഷ് ദാസും ചേര്‍ന്ന് ആസമിനെ 10 ഓവറില്‍ 50 കടത്തി സുരക്ഷിതരാക്കി. 12 റണ്‍സെടുത്ത ഡെനിഷ് ദാസിനെ അബ്ദുള്‍ ബാസിതും നിഹാര്‍ ദേക്കയെ(8), കെ എം ആസിഫും വീഴ്ത്തിയതോടെ ആസം 78-4 എന്ന സ്കോറില്‍ പതറിയെങ്കിലും കേരളത്തിന് പ്രതിരോധിക്കാനുള്ള സ്കോറില്ലായിരുന്നു. വിജയത്തിന് അടുത്ത് സാഹില്‍ ജെയിനിനെ(12) കൂടി പുറത്തായെങ്കിലും പ്രദ്യുൻ സൈക്കിയയുടെ പോരാട്ടം ആസമിനെ വിജയവര കടത്തി.
ഗ്രൂപ്പ് മത്സരങ്ങളില്‍ കേരളത്തിന്‍റെ നാലാം തോല്‍വിയാണിത്. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കാന്‍ ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നതിനാല്‍ അഹമ്മദ് ഇമ്രാനാണ് ഇന്ന് കേരളത്തെ നയിച്ചത്. ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ മത്സരതില്‍ ആന്ധ്രയോട് തോറ്റതോടെ കേരളം സൂപ്പര്‍ ലീഗിലെത്താതെ പുറത്തായിരുന്നു.
നേരത്തെ ആസമിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101റണ്‍സിന് പുറത്തായിരുന്നു. 33 പന്തിൽ 23 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലായിരുന്നു കേരളത്തിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഇല്ലാതെ ആസമിനെ നേരിടാനിറങ്ങിയ കേരളത്തിന് തുടക്കം മുതല്‍ അടിതെറ്റി. അഹമ്മദ് ഇമ്രാന്‍ ആണ് രോഹന്‍ കുന്നുമ്മലിനൊനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ കേരളത്തിന് ഇമ്രാനെ നഷ്ടമായി.കൃഷ്ണപ്രസദാദും രോഹനും ചേര്‍ന്ന് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ഇരുവര്‍ക്കുമായില്ല. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമാണ് കേരളത്തിനെടുക്കാനായത്.
പവര്‍ പ്ലേക്ക് പിന്നാലെ എട്ടാം ഓവറില്‍ കൃഷ്ണപ്രസാദിന്‍റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. 16 പന്തില്‍ 14 റണ്‍സായിരുന്നു കൃഷ്ണപ്രസാദിന്‍റെ സംഭാവന. പത്താം ഓവറില്‍ മുഹമ്മദ് അസറുദ്ദീനും(11 പന്തില്‍ 11), പന്ത്രണ്ടാം ഓവറില്‍ രോഹന്‍ കുന്നുമ്മലും(33 പന്തില്‍ 23) മടങ്ങിയതോടെ കേരളം 63-4ലേക്ക് വീണു. പിന്നീടുള്ള രണ്ടോവറില്‍ എട്ട് റണ്‍സ് മാത്രമാണ് കേരളത്തിന് നേടാനായത്. പതിനഞ്ചാം ഓവറില്‍ അബ്ദുള്‍ ബാസിത്(11 പന്തില്‍ 5) കൂടി പുറത്തായതോടെ കേരളം കൂട്ടത്തകര്‍ച്ചയിലായി. പതിനേഴാം ഓവറില്‍ 13 പന്തില്‍ 7 റണ്‍സെടുത്ത സല്‍മാന്‍ നിസാറും പതിനെട്ടാം ഓവറില്‍ 12 പന്തില്‍ 3 റണ്‍സെടുത്ത അഖില്‍ സ്കറിയയും പുറത്താശേഷം പതിനെട്ടാം ഓവറിലും പത്തൊമ്പതാം ഓവറിലുമായി തുടര്‍ച്ചയായി 3 സിക്സുകള്‍ പറത്തിയ എം ഡി നിധീഷും ഷറഫുദ്ദീനും ചേര്‍ന്നാണ് കേരളത്തെ 100 കടത്തിയത്.


