ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിയെ മൂന്നാം നമ്പറിലിറക്കാനുള്ള കാരണം വ്യക്തമാക്കി ഗാംഗുലി

By Web TeamFirst Published Aug 23, 2020, 1:25 PM IST
Highlights

സിക്സടിക്കാന്‍ ധോണിക്കുള്ള കഴിവ് അപാരമായിരുന്നു. കരിയറിന്റെ അവസാന കാലത്ത് ധോണി ശൈലി മാറ്റിയിരിക്കാം. പക്ഷെ  രാജ്യാന്തര ക്രിക്കറ്റിലെത്തിയപ്പോള്‍ സ്വതന്ത്രമായി കളിക്കാന്‍ അദ്ദേഹത്തെ അനുവദിക്കേണ്ടത് അനിവാര്യമായിരുന്നു.

കൊല്‍ക്കത്ത: അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയെങ്കിലും എം എസ് ധോണിയുടടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യ ആദ്യമായി കാണുന്നത് 2005ല്‍ വിശാഖപട്ടണത്ത് നടന്ന പാക്കിസ്ഥാനെതിരായ ഏകദിന മത്സരത്തിലായിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ധോണി 148 റണ്‍സാണ് അടിച്ചുകൂട്ടിയത്. ധോണിയെ മൂന്നാം നമ്പറില്‍ ഇറക്കാന്‍ തീരുമാനിച്ചതാകട്ടെ ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും. പാക്കിസ്ഥാനെതിരായ ആ ഒറ്റ ഇന്നിംഗ്സിനുശേഷം പിന്നെ ധോണിക്ക് ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരിക്കലും പുറത്ത് പോകേണ്ടിവന്നിട്ടില്ല.

എന്നാല്‍ പാക്കിസ്ഥാനെതിരെ ധോണിയെ മൂന്നാം നമ്പറിലിറക്കാനുള്ള കാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഗാംഗുലി ഇപ്പോള്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ സച്ചിനാവില്ലായിരുന്നുവെന്ന് സ്പോര്‍ട്സ്ടാക്കിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.  ധോണിയുടെ ബാറ്റിംഗ് മികവ് എനിക്കറിയാമായിരുന്നു. ചലഞ്ചര്‍ ട്രോഫിയില്‍ എന്റെ ടീമില്‍ കളിച്ച ധോണി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത് സെഞ്ചുറി നേടിയിരുന്നു. അതിനാലാണ് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയെ മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കിയത്.


മികവുള്ള കളിക്കാരെ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളില്‍ ഇറക്കണം. അപ്പോള്‍ മാത്രമെ അവര്‍ക്ക് അവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍ കഴിയൂ. ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ മാത്രം ഇറക്കിയാല്‍ ആരെയും മികച്ച ബാറ്റ്സ്മാനായി വളര്‍ത്തിയെടുക്കാനാവില്ല.  അതുപോലെ ഡ്രസ്സിംഗ് റൂമിലിരുന്ന് മാത്രം വലിയ താരമാകാനും കഴിയില്ല.

സിക്സടിക്കാന്‍ ധോണിക്കുള്ള കഴിവ് അപാരമായിരുന്നു. കരിയറിന്റെ അവസാന കാലത്ത് ധോണി ശൈലി മാറ്റിയിരിക്കാം. പക്ഷെ  രാജ്യാന്തര ക്രിക്കറ്റിലെത്തിയപ്പോള്‍ സ്വതന്ത്രമായി കളിക്കാന്‍ അദ്ദേഹത്തെ അനുവദിക്കേണ്ടത് അനിവാര്യമായിരുന്നു. ധോണി ടോപ് ഓര്‍ഡറില്‍ തന്നെ ബാറ്റിംഗ് തുടരണമായിരുന്നു. ഇക്കാര്യം വിരമിച്ചശേഷം പലതവണ ഞാന്‍ കമന്ററി ബോക്സിലിരുന്ന് പറഞ്ഞിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ലോകകപ്പിനുശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടില്ലാത്ത ധോണി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്കൊപ്പം സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

click me!