ആന്‍ഡേഴ്‌സണ് മൂന്ന് വിക്കറ്റ്; ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച

By Web TeamFirst Published Aug 23, 2020, 12:27 AM IST
Highlights

മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 583നെതിരെ പാകിസ്ഥാന്‍ മൂന്നിന് 24 എന്ന നിലയിലാണ്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടരാനിറങ്ങിയ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 583നെതിരെ പാകിസ്ഥാന്‍ മൂന്നിന് 24 എന്ന നിലയിലാണ്. ജയിംസ് ആന്‍ഡേഴ്‌സണിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് സന്ദര്‍ശകരുടെ മുന്‍നിര തകര്‍ത്തത്. ഷാന്‍ മസൂദ് (4), ആബിദ് അലി (1), ബാബര്‍ അസം (11) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. മൂന്ന് വിക്കറ്റും ആന്‍ഡേഴ്‌സണിനാണ്. അസര്‍ അലി (4) യാണ് ക്രീസിലുള്ള താരം.

നേരത്തെ സാക്ക് ക്രോളിയുടെ (267) ഇരട്ട സെഞ്ചുറിയും ജോസ് ബട്‌ലറുടെ (152) സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.  തന്റെ ആദ്യ സെഞ്ചുറി തന്നെ ക്രോളി ഇരട്ടശതകമാക്കി മാറ്റി. ബട്‌ലറാവട്ടെ രണ്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്. അഞ്ചാം വിക്കറ്റില്‍ 359 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയ ക്രോളി-ബട്ലര്‍ സഖ്യമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നാലെ എട്ടിന് 583 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ ദിനം തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ ക്രോളി രണ്ടാം ദിനം ആദ്യ സെഞ്ചുറി ഡബിള്‍ സെഞ്ചുറിയാക്കി മാറ്റി. 127/4 എന്ന സ്‌കോറില്‍ ഒത്തുചേര്‍ന്ന ക്രോളി-ബട്ലര്‍ സഖ്യം 486 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. ആസാദ് ഷഫീഖാണ് കൂട്ടുകെട്ട് പൊളിച്ചത്. 34 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതാണ് ക്രോളിയുടെ ഇന്നിംഗ്‌സ്. ഇംഗ്ലണ്ടിനായി ഡബിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 22കാരനായ ക്രോളി സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടെസ്റ്റ് ടീമിലെ സ്ഥാനം പോലും നഷ്ടമാകുമെന്ന ഘട്ടത്തിലാണ് വിമര്‍ശകരുടെ വായടപ്പിച്ച് ബട്ലര്‍ സെഞ്ചുറിയുമായി കരുത്തുകാട്ടിയത്. രണ്ട് വര്‍ഷത്തിനിടെ ആദ്യ സെഞ്ചുറിയും ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയുമാണ് ബട്ലര്‍ ഇന്ന് സ്വന്തമാക്കിയത്. 152 റണ്‍സെടുത്ത ബട്ലര്‍ ഫവാദ് ആലമിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റ് കീപ്പറുടെ റോളില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടവും ബട്ലര്‍ക്ക് സ്വന്തമാക്കാനായി.

റോറി ബേണ്‍സ് (6), ഡൊമിനിക് സിബ്ലി (22), ജോ റൂട്ട് (29), ഒല്ലി പോപ്പ് (3), ക്രിസ് വോക്‌സ് (40), സ്റ്റുവര്‍ട്ട് ബ്രോഡ് (15) എന്നിങ്ങനെയാണ് മറ്റു ഇംഗ്ലീഷ് താരങ്ങളുടെ സ്‌കോറുകള്‍. ഡോം ബെസ്സ് (27) പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, യാസിര്‍ ഷാ, ഫവാദ് ആലം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

click me!