
കൊല്‍ക്കത്ത: ഇന്ത്യയെ 2003ലെ ഏകദിന ലോകകപ്പില്‍ ഫൈനലില്‍ എത്തിച്ച നായകനാണ് സൗരവ് ഗാംഗുലി. ഓസീസ് ആധിപത്യത്തിന് മുന്നില്‍ കിരീടം കൈവിട്ടെങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായാണ് ഗാംഗുലി വിലയിരുത്തപ്പെടുന്നത്. വിരാട് കോലിയുടെ നേതൃത്വത്തില്‍ ഐസിസി കിരീടങ്ങളൊന്നും നേടാന്‍ ഇന്ത്യക്കായിട്ടില്ലെങ്കിലും 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിക്കാന്‍ കോലിക്ക് കഴിഞ്ഞിരുന്നു. ന്യസിലന്‍ഡിന് മുന്നിലാണ് സെമിയില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്‍ന്നത്.
ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായ മായങ്ക് അഗര്‍വാളുമൊത്തുള്ള വീഡിയോ സംഭാഷണത്തിനിടെ കമന്റിലൂടെ ഒരു ആരാധകന്‍ ഗാംഗുലിയോട് ചോദിച്ചത് 2019ലെ ഏകദിന ലോകകപ്പില്‍ കളിച്ച ആരൊക്കെ 2003ലെ താങ്കളുടെ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നായിരുന്നു. ആരാധകന്റെ ചോദ്യം മായങ്ക് ഗാംഗുലിക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ മൂന്ന് പേരുകളായിരുന്നു ഗാംഗുലി തെരഞ്ഞെടുത്ത്.
നായകന്‍ വിരാട് കോലി തന്നെയാണ് അതില്‍ ഒന്നാമന്‍. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആണ് തന്റെ ലോകകപ്പ് ടീമിലേക്ക് ഗാംഗുലി പരിഗണിച്ച രണ്ടാമത്തെ താരം. പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഗാംഗുലി തെരഞ്ഞെടുത്ത മൂന്നാമത്തെ കളിക്കാരന്‍. ഇനി ഒരാളെക്കൂടി തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെങ്കില്‍ അത് എം എസ് ധോണിയാണെന്നും ഗാംഗുലി പറഞ്ഞു.
2003ലെ ലോകകപ്പ് നടന്നത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ബുമ്രക്ക് മികവ് കാട്ടാനാകുമെന്നതിനാലാണ് ബുമ്രയെ ടീമിലെടുത്തതെന്ന് ഗാംഗുലി പറഞ്ഞു. രോഹിത് ഓപ്പണറായി എത്തും. താന്‍ മൂന്നാം നമ്പറില്‍ ഇറങ്ങുമെന്ന് പറഞ്ഞ ഗാംഗുലി സെവാഗ് ഇത് കേള്‍ക്കുന്നുണ്ടാവുമോ എന്ന് ചോദിച്ചു. എന്തായാലും എന്തൊക്കെയാണ് താങ്കള്‍ പറയുന്നത് എന്ന് ചോദിച്ച് തനിക്ക് ഉടന്‍ സെവാഗിന്റെ ഫോണ്‍ വരാന്‍ സാധ്യതയുണ്ടെന്നും ഗാംഗുലി പറഞ്ഞു.
അതെന്തായാലും ഇവര്‍ മൂന്നുപേരെയുമാണ് തനിക്ക് ടീമില്‍ വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. ഒരാളെ കൂടി എടുക്കാന്‍ അവസരം തന്നാല്‍ ധോണിയെയും തീര്‍ച്ചയായയും എടുക്കും. പക്ഷെ മൂന്നുപേരെ എടുക്കാനല്ലെ നിങ്ങള്‍ അനുവദിക്കൂ. കുഴപ്പമില്ല, ദ്രാവിഡിനെക്കൊണ്ട് ഞാന്‍ വിക്കറ്റ് കീപ്പറുടെ റോള്‍ ചെയ്യിക്കാം. കാരണം ലോകകപ്പില്‍ ദ്രാവിഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഗാംഗുലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!