ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമമില്ല, വരുന്നത് തിരക്കുള്ള സീസണ്‍; ഷെഡ്യൂള്‍ പുറത്തുവിട്ട് ഗാംഗുലി

By Web TeamFirst Published Aug 22, 2020, 3:35 PM IST
Highlights

രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിലാണ് പരമ്പര ഫെബ്രുവിരിയിലേക്ക് മാറ്റിയത്.

ദില്ലി: ഈ വര്‍ഷം നടക്കാനിരുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം അടുത്ത ഫെബ്രുവരിയില്‍ നടക്കും. ബിസിസിഐ പ്രസിഡന്റെ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിലാണ് പരമ്പര ഫെബ്രുവിരിയിലേക്ക് മാറ്റിയത്. മൂന്ന് ്‌വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. ജനുവരിയില്‍ ടെസ്റ്റ് പരമ്പര നടത്താനുമായിരുന്നു നേരത്തെയുള്ള തീരുമാനം. 

എന്നാല്‍ ടെസ്റ്റ് പരമ്പര ഇതിനൊടൊപ്പം നടത്തുമോയെന്നുള്ള കാര്യം തീരുമാനമായിട്ടില്ല. ഇതോടൊപ്പം ഒരു വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഷെഡ്യൂളിനെ കുറിച്ചും ഗാംഗുലി സംസാരിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തിരിക്കും. ഡിസംബറിലാണ് പരമ്പര ആരംഭിക്കുക. ശേഷമാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം നടക്കുക. തൊട്ടുപിന്നാലെ അടുത്ത സീസണിലെ ഐപിഎല്ലും നടക്കും.

അധികം വൈകാതെ ആഭ്യന്തര ക്രിക്കറ്റ് സീസണും തുടങ്ങുമെന്ന് ഗാംഗുലി അറിയിച്ചു. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക. എന്തായാലും ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം തിരക്കുള്ള 10-12 മാസങ്ങളാണ് വരാന്‍ പോകുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷത്തിന്റെ നാളുകളും.

click me!