ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു

Published : Jun 11, 2025, 11:38 PM IST
mitchell starc test

Synopsis

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവ് നടത്തി. 

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരിച്ചടിച്ച് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങേണ്ടി വന്ന ഓസീസിനെ 212ന് പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. പിന്നാലെ മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ആദ്യ ദിനം അവാസനിക്കുമ്പോല്‍ നാലിന് 43 എന്ന നിലയിലാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ഇപ്പോഴും 169 റണ്‍സ് പിറകിലാണ് ദക്ഷിണാഫ്രിക്ക. നേരത്തെ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്യൂ വെബ്‌സ്റ്റര്‍ (72), സ്റ്റീവന്‍ സ്മിത്ത് (66) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ തന്നെ എയ്ഡന്‍ മാര്‍ക്രമിന്റെ (0) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡ്. സഹ ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടണ്‍ (16) ഒമ്പതാം ഓവറിലും മടങ്ങി. സ്റ്റാര്‍ക്കിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച്. വിയാന്‍ മള്‍ഡറെ (6) പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കിയപ്പോള്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ (2) കുറ്റി ഹേസല്‍വുഡും തെറിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ തെംബ ബവൂമ (3), ഡേവിഡ് ബെഡിംഗ്ഹാം (8) എന്നിവര്‍ ക്രീസിലുണ്ട്.

തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. ഒരു ഘട്ടത്തില്‍ അവര്‍ നാലിന് 67 എന്ന നിലയിലായിരുന്നു ഓസീസ്. ആറാം ഓവറില്‍ ടീമിന് ഇരട്ട പ്രഹരമേറ്റു. റബായുടെ ഓരോവറില്‍ ഉസ്മാന്‍ ഖവാജയും (0), കാമറൂണ്‍ ഗ്രീനും (4) പുറത്തായി. ഇരുവരും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങുന്നത്. പിന്നീട് മര്‍നസ് ലബുഷെയ്നെ (17) മാര്‍കോ ജാന്‍സന്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്നെയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ട്രാവിസ് ഹെഡും (11) മടങ്ങി. വിക്കറ്റ് കീപ്പര്‍ക്ക് തന്നെ ക്യാച്ച്. പിന്നീട് വെബ്സ്റ്റര്‍ - സ്മിത്ത് സഖ്യം വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 79 റണ്‍സാണ കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും.

എന്നാല്‍ എയ്ഡന്‍ മാര്‍ക്രമിനെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സ്മിത്ത് പുറത്തായി. സ്ലിപ്പില്‍ മാര്‍കോ ജാന്‍സന് ക്യാച്ച്. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നാലെ അവസാന സെഷന്റെ തുടക്കത്തില്‍ ക്യാരിയെ കേശവ് മഹാരാജ് ബൗള്‍ഡാക്കി. ക്യാരി - വെബ്സ്റ്റര്‍ കൂട്ടുകെട്ട് 46 റണ്‍സ് ചേര്‍ത്തിരുന്നു. തുടര്‍ന്നെത്തിയ പാറ്റ് കമ്മിന്‍സിനെ (1) റബാദ് ബൗള്‍ഡാക്കി. വൈകാതെ വെബ്സ്റ്ററും മടങ്ങി. റബാദയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. നതാന്‍ ലിയോണിനും (0) തിളങ്ങാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനെ (1) ബൗള്‍ഡാക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുകയു ചെയ്തു. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലെയിംഗ് ഇലവന്‍ അറിയാം...

ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മാര്‍ക്രം, റിയാന്‍ റിക്കിള്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറിന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര