
ബ്ലോംഫോന്റെയ്ന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലയിക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് അടിച്ചെടുത്തത്. മര്‍നസ് ലബുഷെയ്ന്‍ (124), ഡേവിഡ് വാര്‍ണര്‍ (106) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ട്രാവിസ് ഹെഡ് (64), ജോഷ് ഇന്‍ഗ്ലിസ് (50) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി. തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ആതിഥേയരുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. വെടിക്കെട്ട് തുടക്കമാണ് വാര്‍ണര്‍ - ഹെഡ് സഖ്യം ഓസീസിന് നല്‍കിയത്. 11.4 ഓവറില്‍ 109 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഹെഡായിരുന്നു അപകടകാരി. കേവലം 36 പന്തില്‍ നിന്നാണ് ഹെഡ് 64 റണ്‍സ് നേടിയത്. ഇതില്‍ മൂന്ന് സിക്‌സും 12 ഫോറുമുണ്ടായിരുന്നു. എന്നാല്‍ ഷംസി ബ്രേക്ക് ത്രൂ നല്‍കി.
മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (0) ആദ്യ പന്തില്‍ തന്നെ മടങ്ങി. ഷംസിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ മത്സരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നു. വാര്‍ണര്‍ - ലബുഷെയ്ന്‍ സഖ്യം 151 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 93 പന്തുകള്‍ നേരിട്ട വാര്‍ണര്‍ മൂന്ന് സിക്‌സും 12 ഫോറും നേടി. ഫെഹ്‌ലുക്വായോയുടെ പന്തില്‍ വാര്‍ണര്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ ജോഷ് ഇന്‍ഗ്ലിസും ഗംഭീര പ്രകടനം പുറത്തെടുത്തു. ലബുഷെയ്‌നൊപ്പം വേഗത്തില്‍ 83 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഇന്‍ഗ്ലിസിനായി.
ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്‍ഗ്ലിസിന്റെ ഇന്നിംഗ്‌സ്. കഗിസോ റബാദയാണ് താരത്തെ മടക്കിയത്. പിന്നീടെത്തിയ ടിം ഡേവിഡ് (1), അലക്‌സ് ക്യാരി (6), ആരോണ്‍ ഹാര്‍ഡി (3) എന്നിവര്‍ നിരാശപ്പെടുത്തിയില്ലെങ്കില്‍ ഓസീസ് സ്‌കോര്‍ 400 കടന്നേനെ. ഇതിനിടെ ലബുഷെയ്‌നും പുറത്തായി. 99 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 19 ഫോറും നേടി. സീന്‍ അബോട്ട് (7), നതാന്‍ എല്ലിസ് (14) പുറത്താവാതെ നിന്നു. കഗിസോ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി.