
ചെസ്റ്റര്‍ ലി സ്ട്രീറ്റ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 334 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വാന്‍ഡര്‍ ഡസ്സന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുത്തു. ഏയ്ഡന്‍ മാര്‍ക്രവും ജാനെമാന്‍ മലനും അര്‍ധസെഞ്ചുറികളുമായി തിളങ്ങി. ഇംഗ്ലണ്ടിനായി ലിയാം ലിവിംഗ്‌സ്റ്റണ്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ക്വിന്‍റണ്‍ ഡീ കോക്കും മലനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ടീം സ്കോര്‍ 35ല്‍ നില്‍ക്കെ ഡീ കോക്കിനെ(19) മടക്കി സാം കറന്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ വാന്‍ഡര്‍ ഡസ്സന്‍ മലനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു. മലനെ(57) വീഴ്ത്തി മൊയീന്‍ അലി ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെത്തി ഏയ്ഡന്‍ മാര്‍ക്രവും ഡസ്സനൊപ്പം അടിച്ചു തകര്‍ത്തതോടെ ദക്ഷിണാഫ്രിക്ക വമ്പന്‍ സ്കോറിലേക്ക് കുതിച്ചു.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 ഓവറില്‍ 151 റണ്‍സടിച്ചു. 144 റണ്‍സില്‍ ഒത്തു ചേര്‍ന്ന ഇരുവരും 295 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറുടെയും (14 പന്തില്‍ 24*), ഹെന്‍റിച്ച് ക്ലാസന്‍റെയും(10 പന്തില്‍ 12*)കടന്നാക്രമണം ദക്ഷിണാഫ്രിക്കയെ 333 റണ്‍സിലെത്തിച്ചു. ഇംഗ്ലണ്ടിനായി ലിയാം ലിവിംഗ്സ്റ്റണ്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വിടവാങ്ങല്‍ മത്സരം കളിക്കുന്ന ബെന്‍ സ്റ്റോക്സ് അഞ്ചോവറില്‍ 44 റണ്‍സ് വഴങ്ങി.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തിട്ടുണ്ട്. 52 റണ്‍സുമായി ബെയര്‍സ്റ്റോയും രണ്ട് റണ്‍സോടെ ജോ റൂട്ടും ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!