
മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ നിന്ന് വിശ്രമം അനുവദിച്ച വിരാട് കോലിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് അധികം വൈകില്ലെന്ന് സൂചന. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് വിശ്രമം അനുവദിച്ച കോലിയെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരിയറില്‍ ഒമ്പത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് കോലി സിംബാബ്‌വെക്കെതിരെ കളിക്കാനൊരുങ്ങുന്നത്.2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് കോലി സിംബാബ്‌വെക്കെതിരെ അവസാനമായി കളിച്ചത്.
ഏഷ്യാ കപ്പിന് മുന്നോടിയായി ഓഗസ്റ്റ് 18മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങളാണ് കളിക്കുക. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിര ടീമിനെയാകും ഇന്ത്യ സിംബാബ്‌വെയിലേക്കും അയക്കുകയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കോലിയെ കൂടി ടീമിലുള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
വെസ്റ്റ് ഇന്‍ഡിസിനെതിരായ ഏകദിന പരമ്പര, സഞ്ജുവും സംഘവും യാത്ര തിരിച്ചു
ഇഷ്ട ഫോര്‍മാറ്റായ ഏകദിനത്തില്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ കളിപ്പിച്ച് കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് വേഗത്തിലാക്കാം കഴിയുമെന്ന് സെലക്ടര്‍മാര്‍ വിലയിരുത്തുന്നു. ഏഷ്യാ കപ്പിന് മുമ്പ് കോലി ഫോമിലായാല്‍ അത് ടി20 ലോകകപ്പ് ടീമിലും കോലിയുടെ സ്ഥാനം ഉറപ്പാക്കുമെന്നാണ് വിലയിരുത്തല്‍. ഹാര്‍ദ്ദിക്ക് പാണ്ഡ്യടി20 ലോകകപ്പിനുശേഷം അഞ്ച് മാസത്തെ നീണ്ട ഇടവേളയെടുത്തശേഷം ഫോമിലേക്ക് തിരിച്ചെത്തിയതും അവര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് മാസത്തിനുള്ളില്‍ ടി20 ലോകകപ്പ് കളിക്കേണ്ടതിനാല്‍ കോലിക്ക് ഹാര്‍ദ്ദിക്കിനെപ്പോലെ നീണ്ട ഇടവേള ലഭിക്കില്ല.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെന്ന പോലെ ശിഖര്‍ ധവാന്‍ തന്നെയാകും സിംബാബ്‌വെക്കെതിരെയും ഇന്ത്യയെ നയിക്കുക എന്നാണ് സൂചന. ഏഷ്യാ കപ്പിന് തൊട്ടു മുന്നോടിയായാണ് സിംബാബ്‌വെക്കെതാരിയ ഏകദിന പരമ്പരയും നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ശ്രീലങ്കയില്‍ നടക്കേണ്ട ഏഷ്യാ കപ്പ് യുഎയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഏഷ്യാ കപ്പിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നുമുതല്‍ കോലി പരിശീലനം പുനരാരംഭിക്കമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കുടുംബത്തോടൊപ്പം ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയാണ് കോലി.