
ജൊഹന്നസ്‌ബര്‍ഗ്: വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ (South Africa vs India 2nd Test) അലക്ഷ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെതിരെ (Rishabh Pant) രൂക്ഷ പരിഹാസവുമായി സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar). ക്രീസ് വിട്ടിറങ്ങി കളിക്കുന്നതില്‍ മാത്രമായി പന്തിന്‍റെ ശ്രദ്ധയെന്നും രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഗുണദോഷിക്കേണ്ടിവരുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
'എന്നും ഒരേ തന്ത്രം ഫലിക്കില്ല'
'ഇതല്ല ഓസ്‌ട്രേലിയയില്‍ റിഷഭ് പന്ത് ചെയ്‌തത്. അവിടെ അദേഹം തന്‍റെ കളി പുറത്തെടുത്തു. തുടക്കത്തില്‍ പ്രയാസമുണ്ടാകുമെന്നും പിച്ചും മനസിലാക്കി നിലയുറപ്പിച്ച ശേഷം വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുകയും ചെയ്‌തു. അതാണ് അദേഹം ഓസ്‌ട്രേലിയയില്‍ ചെയ്‌തത്. ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനത്തിന് എത്തിയപ്പോള്‍ ക്രീസ് വിട്ടിറങ്ങി ജിമ്മി ആന്‍ഡേഴ്‌സണെ പന്ത് ആക്രമിക്കുന്നത് കണ്ടു. അത് നന്നായി അദേഹം ചെയ്തു. എന്നാല്‍ ഇത് മാത്രമാണ് കളിക്കാനുള്ള വഴിയെന്ന് അതിന് ശേഷം റിഷഭ് ചിന്തിച്ചു. ഡ്രസിംഗ് റൂമില്‍ രാഹുല്‍ ദ്രാവിഡ് താരവുമായി സംസാരിക്കണം, വടിയെടുക്കേണ്ടിവരുമെന്നും' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ നേരിട്ട മൂന്നാം പന്തില്‍ ക്രീസ് വിട്ടിറങ്ങിക്കളിച്ച റിഷഭ് വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്‍കി പൂജ്യത്തില്‍ പുറത്താവുകയായിരുന്നു.
വിമര്‍ശിച്ച് ഗംഭീറും
'ഇതേ ഷോട്ട് ഏകദിനത്തിലാണ് കളിക്കുന്നതെങ്കില്‍ ഇത്രയധികം വിമര്‍ശനങ്ങളുണ്ടാകുമായിരുന്നില്ല. എന്നാല്‍ സാഹചര്യം നോക്കാതെയാണ് ഇവിടെ ഇത്തരമൊരു ഷോട്ട് കളിക്കുന്നത്... ധൈര്യത്തിനും വിഡ്ഢിത്തത്തിനും ഇടയില്‍ നേരിയ വര മാത്രമേ ക്രിക്കറ്റിലുള്ളൂ. പന്തിന്‍റെ ഷോട്ടിനെ ധൈര്യം എന്ന് വിളിക്കാനാവില്ല. മണ്ടത്തരമാണ് അദേഹം കാട്ടിയത്. എന്തിനാണ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഏറെക്കാലമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നു. അതിനാല്‍ സമ്മര്‍ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിരിക്കണം' എന്നായിരുന്നു റിഷഭിനെതിരെ ഗംഭീറിന്‍റെ വാക്കുകള്‍.
SA vs IND : ധൈര്യമല്ല, വിഡ്ഢിത്തം; റിഷഭ് പന്തിന്‍റെ അലക്ഷ്യ ഷോട്ടിനെ പരിഹസിച്ച് ഗൗതം ഗംഭീര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!