Asianet News MalayalamAsianet News Malayalam

SA vs IND : ആശങ്കയില്ല ഫോമില്‍, ഒന്നും തെളിയിക്കാനുമില്ല; വിമര്‍ശകര്‍ക്കെതിരെ 'ബാറ്റെടുത്ത്' വിരാട് കോലി

എന്‍റെ മോശം ഫോമിനെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് ഇതാദ്യമല്ല. കരിയറില്‍ മുമ്പ് ചിലപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട് എന്നും കോലി

South Africa vs India 3rd Test I do not think I have anything to prove to anyone Virat Kohli to critics
Author
Cape Town, First Published Jan 11, 2022, 9:07 AM IST

കേപ് ടൗണ്‍: തന്‍റെ ബാറ്റിംഗ് ഫോമിൽ ആശങ്കയില്ലെന്നും ഒന്നും തെളിയിക്കാനില്ലെന്നും ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി (Virat Kohli). പരിക്ക് ക്രിക്കറ്റ് താരങ്ങളുടെ കരിയറിന്‍റെ ഭാഗമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് (South Africa vs India 3rd Test) മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം. പരിക്കേറ്റ കോലി രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.  

'എന്‍റെ മോശം ഫോമിനെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് ഇതാദ്യമല്ല. കരിയറില്‍ മുമ്പ് ചിലപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട്. 2014ലെ ഇംഗ്ലണ്ട് പര്യടനം ഇതിലൊന്നായിരുന്നു. മറ്റുള്ളവര്‍ കാണുന്നത് പോലെയല്ല എന്നെ ഞാന്‍ വീക്ഷിക്കുന്നത്. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താൻ ശ്രമിക്കുന്നതിലും ഞാൻ അഭിമാനിക്കുന്നു. പ്രകടനത്തെയോര്‍ത്ത് ഭയപ്പെടേണ്ട സാഹചര്യമില്ല. ദീർഘകാലമായി ഇന്ത്യൻ ടീമിൽ കളിക്കുന്ന തനിക്ക് ഇനിയൊന്നും ആരെയും ബോധ്യപ്പെടുത്താനോ തെളിയിക്കാനോ ഇല്ല' എന്നും കോലി പറഞ്ഞു.

കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം നായകന്‍ വിരാട് കോലിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോലി സെഞ്ചുറി നേടിയിട്ട് വർഷം രണ്ട് കഴിഞ്ഞു. 2019ൽ ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിലായിരുന്നു കോലിയുടെ അവസാന സെഞ്ചുറി. ഇതുകൊണ്ടുതന്നെ ഇന്ത്യൻ നായകനെതിരെ വിമർശനം ശക്തം. പരമ്പര നേട്ടത്തിനൊപ്പം ബാറ്റിംഗില്‍ ശതകത്തോടെ തന്‍റെ തിരിച്ചുവരവും കേപ് ടൗണില്‍ കോലി മോഹിക്കുന്നു. 

കേപ് ടൗണില്‍ ഇന്ന് ഇന്ത്യൻസമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ജയിച്ചാല്‍ മഴവില്‍ രാഷ്‌ട്രത്തില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ ജൊഹന്നസ്ബർഗിൽ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു. വാണ്ടറേഴ്‌സില്‍ പരിക്കുമൂലം കളിക്കാതിരുന്ന വിരാട് കോലി കേപ് ടൗണില്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുന്നതും സവിശേഷതയാണ്. ഇതോടെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകും. 

SA vs IND : ഇരട്ട നേട്ടത്തിനരികെ; കേപ് ടൗണില്‍ നാഴികക്കല്ലോടെ വിമര്‍ശകര്‍ക്ക് മറുപടി പറയുമോ അജിങ്ക്യ രഹാനെ?

Follow Us:
Download App:
  • android
  • ios