
പല്ലെകേലെ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് റണ്‍സിന് ജയിച്ചെങ്കിലും പാകിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയെ 147 റണ്‍സിന് താഴെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാന്‍ ഔദ്യോഗികമായി ലോകകപ്പില്‍ നിന്ന് പുറത്തായത്. പല്ലെകേലെ, അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ലങ്ക 147 റണ്‍സ് നേടിയതോടെ പാകിസ്ഥാന്‍ പുറത്തായി. മത്സരത്തിലൊന്നാകെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ശ്രീലങ്ക നേടിയത്. ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡ് സെമിയില്‍ കടന്നു. പാകിസ്ഥാനും ന്യൂസിലന്‍ഡിനും മൂന്ന് പോയിന്റാണെങ്കിലും ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് കിവീസിന് ഗുണം ചെയ്തു. ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു.
പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് പോരാട്ടം നേരത്തെ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇരുവരും ഓരോ പോയിന്റ് പങ്കിടുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡ്, ശ്രീലങ്കയെ തോല്‍പ്പിച്ചു. പാകിസ്ഥാന്‍, ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ചെയ്തു. ഇതോടെ ന്യൂസിലന്‍ഡ് മൂന്നും പാകിസ്ഥാന് ഒരു പോയിന്റും. എന്നാല്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനോട് തോറ്റതോടെ പാകിസ്ഥാന് വീണ്ടും അവസരമായി. അവര്‍ക്ക് ശ്രീലങ്കയെ 65 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ആശിക്കുന്ന പോലൊരു വിജയം പാകിസ്ഥാന് നേടാന്‍ സാധിച്ചില്ല.
മത്സരത്തിലേക്ക് വരുമ്പോള്‍ മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. പതും നിസ്സങ്ക (3) തുടക്കത്തില്‍ തന്നെ മടങ്ങി. കാമില്‍ മിഷാര (26), ചരിത് അസലങ്ക (25) എന്നിവര്‍ ചെറിയ ചെറുത്തുനില്‍പ്പ് നടത്തി. എന്നാല്‍ കാമിന്ദു മെന്‍ഡിസ് (3), ജനിത് ലിയാന്‍ഗെ (5) എന്നിവരും നിരാശപ്പെടുത്തിയതോടെ അഞ്ചിന് 101 എന്ന നിലയിലായി ലങ്ക. പിന്നീട് പവന്‍ രത്‌നായകെ (37 പന്തില്‍ 58), ദസുന്‍ ഷനക (31 പന്തില്‍ പുറത്താവാതെ 76) എന്നിവര്‍ നടത്തിയ പോരാട്ടം ലങ്കയ്ക്ക് പ്രതീക്ഷ നല്‍കി. 18-ാം ഓവറില്‍ രത്‌നായകെ മടങ്ങി.
അവസാന രണ്ട് ഓവറില്‍ 46 റണ്‍സാണ് ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷദാബ് ഖാന്‍ എറിഞ്ഞ 19-ാം ഓവറില്‍ 18 റണ്‍സാണ് ഷനക അടിച്ചെടുത്തത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 28 റണ്‍സ്. ഷഹീന്‍ അഫ്രീദിയുടെ ആദ്യ പന്തില്‍ ഷനക ഫോര്‍ നേടി. പിന്നീട് തുടര്‍ച്ചയായ മൂന്ന് സിക്‌സുകള്‍ അഫ്രീദിക്കെതിരെ ഷനക നേടി. പിന്നീട് രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ് മാത്രം. എന്നാല്‍ ഷനകയ്ക്ക് റണ്‍സെടുക്കാന്‍ സാധിച്ചില്ല. ഇതോടെ പാകിസ്ഥാന്‍ ജയം പൂര്‍ത്തിയാക്കി.
നേരത്തൈ പാകിസ്ഥാന് വേണ്ടി സഹിബ്‌സാദ ഫര്‍ഹാന്‍ (60 പന്തില്‍ 100) സെഞ്ചുറി നേടി. ലോകകപ്പില്‍ ഫര്‍ഹാന്റെ രണ്ടാം സെഞ്ചുറിയാണിത്. ഫഖര്‍ സമാന്‍ 42 പന്തില്‍ 82 റണ്‍സെടുത്തു. എട്ട് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ഷനകയ്ക്ക് രണ്ട് വിക്കറ്റുണ്ട്. ബാറ്റിംഗിനെത്തിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. കൂറ്റന്‍ ജയം വേണമെന്നിരിക്കെ ഫര്‍ഹാന്‍-സമാന്‍ സഖ്യം തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും 176 റണ്‍സ് അടിച്ചെടുത്തു. സമാനായിരുന്നു കൂടുതല്‍ ആക്രമകാരി. 16-ാം ഓവറില്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. സമാന്‍, ദുഷമന്ത് ചമീരയുടെ പന്തില്‍ പുറത്തായി. 42 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ഒമ്പത് ഫോറും നേടി. പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ലെന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം.
അധികം വൈകാതെ ഫര്‍ഹാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 60 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു. ഇതിനിടെ ഖവാജ നഫായ് (2), ഷദാബ് ഖാന്‍ (7), മുഹമ്മദ് നവാസ് (0), സല്‍മാന്‍ അഗ (0) എന്നിവരുടെ വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. ഉസ്മാന്‍ ഖാന്‍ (8), അബ്രാര്‍ അഹമ്മദ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഷഹീന്‍ അഫ്രീദി (4), നസീം ഷാ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!