'താരങ്ങളുടെ പിന്‍മാറ്റത്തിന് പിന്നില്‍ ഇന്ത്യയല്ല'; പാക്കിസ്ഥാന്‍റെ ആരോപണം തള്ളി ലങ്കന്‍ മന്ത്രി

By Web TeamFirst Published Sep 11, 2019, 2:13 PM IST
Highlights

പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യയാണെന്ന ആരോപണത്തില്‍ പാക്കിസ്ഥാന് മറുപടിയുമായി ലങ്കന്‍ മന്ത്രി

കൊളംബോ: പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് ലങ്കന്‍ കായികമന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ. ശ്രീലങ്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പിന്‍മാറിയതിന് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഭീഷണിയാണെന്ന് പാക് മന്ത്രി ഫവദ് ഹുസൈന്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. 

'പാക്കിസ്ഥാനില്‍ കളിക്കാതിരിക്കാനുള്ള ലങ്കന്‍ താരങ്ങളുടെ തീരുമാനത്തിന് പിന്നില്‍ ഇന്ത്യന്‍ സ്വാധീനമാണ് എന്ന ആരോപണം ശരിയല്ല. പാക്കിസ്ഥാനിലേക്കില്ല എന്ന് ചില താരങ്ങള്‍ തീരുമാനമെടുത്തതിന് കാരണം 2009ല്‍ ടീം ബസിന് നേരെ നടന്ന ഭീകരാക്രമണമാണ്. യാത്രയ്‌ക്ക് തയ്യാറായിരിക്കുന്ന താരങ്ങളെ ബഹുമാനിക്കുന്നു. ലങ്ക പൂര്‍ണ സജ്ജമാണ്, പാക്കിസ്ഥാനെ അവരുടെ നാട്ടില്‍ തോല്‍പിക്കാനാവും എന്നാണ് പ്രതീക്ഷ' എന്നും ലങ്കന്‍ കായികമന്ത്രി ട്വീറ്റ് ചെയ്തു. 

No truth to reports that India influenced Sri Lankan players not to play in Pakistan.Some decided not to play purely based on 2009 incident. Respecting their decision we picked players who were willing to travel. We have a full strength team & we hope to beat Pakistan in Pakistan

— Harin Fernando (@fernandoharin)

2009 മാര്‍ച്ചില്‍ പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീം ബസിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് താരങ്ങള്‍ രക്ഷപ്പെട്ടത്. ഇതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടില്ല. 

സുരക്ഷാഭീതി കണക്കിലെടുത്ത് ശ്രീലങ്കയുടെ ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പിന്‍മാറിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പുറമെ നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരാണ് പരമ്പരയില്‍ കളിക്കില്ലെന്ന് ബോര്‍ഡിനെ അറിയിച്ചത്. 

click me!