പ്രതിഫല തര്‍ക്കം തുടരുന്നു; കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് ലങ്കന്‍ താരങ്ങള്‍- റിപ്പോര്‍ട്ട്

By Web TeamFirst Published Jun 5, 2021, 6:00 PM IST
Highlights

കരാര്‍ പുതുക്കാനുള്ള അവസാന തിയതി ജൂണ്‍ മൂന്ന് ആയിരുന്നെങ്കിലും ഞായറാഴ്‌ച വരെ നീട്ടിയിരുന്നു.  

കൊളംബോ: വാര്‍ഷിക പ്രതിഫലത്തെ ചൊല്ലിയുള്ള കലാപം ശ്രീലങ്കന്‍ ക്രിക്കറ്റില്‍ തുടരുന്നു. കരാര്‍ പുതുക്കാനുള്ള അവസാന തിയതി ഞായറാഴ്‌ചയാണ് എന്നിരിക്കേ ഒപ്പിടുന്നതില്‍ നിന്ന് ലങ്കന്‍ താരങ്ങള്‍ പിന്മാറിയതായാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ റിപ്പോര്‍ട്ട്. അതേസമയം ഇംഗ്ലീഷ് പര്യടനത്തില്‍ കളിക്കുമെന്ന് താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കരാര്‍ പുതുക്കാനുള്ള അവസാന തിയതി ജൂണ്‍ മൂന്ന് ആയിരുന്നെങ്കിലും സമയം ഞായറാഴ്‌ച വരെ നീട്ടിയിരുന്നു. എന്നാല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ കരാര്‍ പ്രതിഫല പ്രശ്‌നം പരിഹരിക്കും വരെ  ഒപ്പിടാനാകില്ലെന്ന് താരങ്ങളുടെ അഭിഭാഷകന്‍ നിഷാന്‍ പ്രേമാതിരത്‌നെ അറിയിച്ചു. കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും രാജ്യത്തിനായി കളിക്കുമെന്നും, അതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രേമാതിരത്‌നെയുടെ പ്രസ്‌താവനയില്‍ പറയുന്നു. 

ഇംഗ്ലണ്ടില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ശ്രീലങ്കന്‍ ടീം കളിക്കേണ്ടത്. 

പുതിയ കരാര്‍വ്യവസ്ഥകളില്‍ ഏറ്റവും വലിയ നഷ്‌ടമുണ്ടായത് മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കാണ്. വാര്‍ഷിക പ്രതിഫലം വെട്ടിക്കുറച്ചതിന് പിന്നാലെ കഴിഞ്ഞ മാസം ലങ്കന്‍ താരങ്ങള്‍ കൂട്ടത്തോടെ വിരമിക്കല്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ ഗ്രേഡിംഗ് രീതി സുതാര്യമല്ല എന്നായിരുന്നു താരങ്ങളുടെ വാദം. 

കൊവിഡ് ഏല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ താരങ്ങളുടെയെല്ലാം പ്രതിഫല തുക 35% കുറച്ചിരുന്നു. പുതിയ കരാറില്‍ നാല് ഗ്രൂപ്പായിട്ടാണ് കളിക്കാരെ തിരിച്ചിരിക്കുന്നത്. ഉയർന്ന അടിസ്ഥാന പ്രതിഫലമായ ഒരു ലക്ഷം ഡോളർ കിട്ടുന്ന ഗ്രൂപ്പില്‍ ഏഞ്ചലോ മാത്യൂസിനും ദിനേശ് ചാന്ദിമലിനും ഇടംപിടിക്കാൻ കഴിഞ്ഞില്ല. മിക്ക താരങ്ങളും പ്രതീക്ഷിച്ചതിലും താഴെയുള്ള ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

എന്നാല്‍ കളിക്കാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും കരാറില്‍ മാറ്റം വരുത്തില്ലെന്നുമാണ് ബോ‍ർഡ് നേരത്തെ പ്രതികരിച്ചത്. മുന്‍ നായകന്‍ അരവിന്ദ ഡി സില്‍വയുടെയും ലങ്കയുടെ ഡയറക്‌ടര്‍ ഓഫ് ക്രിക്കറ്റ് ടോം മൂഡിയുടേയും സഹായത്തോടെയാണ് പുതിയ വേതന വ്യവസ്ഥ തയ്യാറാക്കിയിരിക്കുന്നത്. ലങ്കന്‍ ബോര്‍ഡ് 24 താരങ്ങള്‍ക്കാണ് പുതിയ കരാര്‍ വച്ചിനീട്ടിയിരിക്കുന്നത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: അന്തിമ ഇലവനില്‍ പേസര്‍മാരായി ആരൊക്കെ വേണം, നിര്‍ദേശവുമായി അഗാര്‍ക്കര്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ ഫേവറേറ്റുകളെന്ന് വിവിഎസ് ലക്ഷ്‌മണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!