
ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി സ്ഥാനം നിലനിര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനുമെതിരായ ടി20 പരമ്പരകളില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍ നേടിയെങ്കിലും ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ നിറം മങ്ങിയത് സഞ്ജുവിന് തിരിച്ചടിയാകുമോ എന്നാണ് പ്രധാന ആശങ്ക. സഞ്ജുവിന് പകരം ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുക്കണമെന്നും ചില മുന്‍താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടെ ഏഷ്യാ കപ്പ് ടീമില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി സഞ്ജു വേണ്ടെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ശര്‍മക്കൊപ്പം ഐപിഎല്ലിലെ ടോപ് സ്കോററായ സായ് സുദര്‍ശനോ വൈഭവ് സൂര്യവന്‍ഷിയോ യശസ്വി ജയ്സ്വാളോ ആണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരിലൊരാളെ ടീമിലെടുക്കാമെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ സഞ്ജുവിന്‍റെ ബലഹീനത വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പില്‍ സഞ്ജു ഓപ്പണറാകുന്ന കാര്യം സശയമാണ്. അഭിഷേക് ശര്‍മയാണ് ഓപ്പണറായി ഇറങ്ങേണ്ട ഒരു താരം, രണ്ടാമത്തെ ഓപ്പണറായി ഞാന്‍ വൈഭവ് സൂര്യവന്‍ഷിയെയോ സായ് സുദര്‍ശനെയോ യശസ്വി ജയ്സ്വാളിനെയോ ആണ് നിര്‍ദേശിക്കുന്നത്. അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിലും ഞാന്‍ വൈഭവിന് ഇടം കൊടുക്കും. അസാമാന്യ പ്രകടനമാണ് വൈഭവ് പുറത്തെടുക്കുന്നത്. സായ് സുദര്‍ശന്‍ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ താരമാണ്. ജയ്സ്വാളും ഐപിഎല്ലില്‍ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ മൂന്ന് പേരില്‍ ഒരാളാണ് അഭിഷേകിനൊപ്പം ഏഷ്യാ കപ്പില്‍ ഓപ്പണറാകേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെയോ ജിതേഷ് ശര്‍മയെയോ ടീമിലെടുക്കാവുന്നതാണെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ഇന്ത്യക്കായി 31 ടി20 മത്സരങ്ങളില്‍ കളിച്ച സഞ്ജു ഇതുവരെ 33.62 ശരാശരിയിലും 157.09 സ്ട്രൈക്ക് റേറ്റിലും 908 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളുമാണ് സ‍്ജുവിന്‍റെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ ബാക്ക് അപ്പ് ഓപ്പണറായ ജയ്സ്വാള്‍ 23 ടി20 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 164 സ്ട്രൈക്ക് റേറ്റില്‍ 723 റണ്‍സ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!