മുന്നിൽ നിന്ന് നയിക്കാൻ സച്ചിൻ ബേബിയും അസറുദ്ദീനും ജലജ് സക്സേനയും; ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

Published : Aug 09, 2026, 10:03 AM IST
Alappey Ripples

Synopsis

കൊല്ലം സെയിലേഴ്സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത പരിചയസമ്പന്നനായ സച്ചിൻ ബേബിയാണ് ഇക്കുറി ആലപ്പിയുടെ നായകൻ.

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസൺ അടുത്തെത്തി നിൽക്കെ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായൊരു ടീമിനെയാണ് റിപ്പിൾസ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്‍റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

കൊല്ലം സെയിലേഴ്സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത പരിചയസമ്പന്നനായ സച്ചിൻ ബേബിയാണ് ഇക്കുറി ആലപ്പിയുടെ നായകൻ. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും ഒരുപോലെ തിളങ്ങുന്ന സച്ചിന്‍റെ സാന്നിധ്യം ടീമിന് വലിയ മുതൽക്കൂട്ടാകും. കെസിഎൽ ആദ്യ സീസണിൽ രണ്ട് സെഞ്ചുറികളോടെ ടോപ്പ് സ്‌കോററായ സച്ചിൻ ബേബി, രണ്ടാം സീസണിലും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരുന്നു. കേരളത്തിന് വിവിധ ഫോർമാറ്റുകളിലായി പതിനായിരത്തിലധികം റൺസ് നേടിയ ഏക താരമായ സച്ചിൻ തന്നെയാണ് കെസിഎല്ലിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.

മുൻനിര ബാറ്റിങ് അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് കഴിഞ്ഞ സീസണുകളിൽ ടീമിന് തിരിച്ചടിയായത്. അത് പരിഹരിക്കുന്ന തകർപ്പൻ ബാറ്റിങ് നിരയാണ് ഇത്തവണ റിപ്പിൾസിന്‍റേത്. സച്ചിൻ ബേബിക്കൊപ്പം കൂറ്റനടികൾക്ക് പേരു കേട്ട മുഹമ്മദ് അസറുദ്ദീനും പരിചയസമ്പന്നനായ ജലജ് സക്സേനയും ചേരുമ്പോൾ ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാവുകയാണ്. ഇവർ മൂവരും ചേർന്ന സഖ്യമായിരുന്നു ഒരു വ‍ർഷം മുൻപ് കേരളത്തെ രഞ്ജി ട്രോഫിയുടെ ഫൈനലിലും എത്തിച്ചത്. ടി 20യിൽ ഒരു മലയാളി താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറിന് ഉടമയായ അസറുദ്ദീൻ (137), ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖല ടീമിന്‍റെ ക്യാപ്റ്റനാകുന്ന ഏക കേരള താരം കൂടിയാണ്.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ജലജ് സക്സേന രഞ്ജി ട്രോഫിയിലെ മികച്ച ഓൾ റൗണ്ടർക്കുള്ള ലാല അമർനാഥ് പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. രഞ്ജിയിൽ ആറായിരത്തിലധികം റൺസും നാനൂറിലേറെ വിക്കറ്റും നേടിയ ഏക താരം കൂടിയായ അദ്ദേഹം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂ‍ർ, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

ടൂർണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് ആലപ്പിയുടെ മറ്റൊരു പ്രധാന സവിശേഷത. സിബിൻ ഗിരീഷിനും അഭിജിത് പ്രവീണിനുമൊപ്പം അക്ഷയ് ടി കെ, അമൽരാജ്, ആഷിഖ് അലി, വിനിൽ ടി എസ്, ശ്രീരൂപ് എം പി തുടങ്ങി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന നീണ്ടൊരു നിര തന്നെ ടീമിലുണ്ട്. 11.80 ലക്ഷം രൂപയെന്ന റെക്കോർഡ് തുകയ്ക്കാണ് സിബിൻ ​ഗിരീഷിനെ റിപ്പിൾസ് ടീമിലെത്തിച്ചത്. എൻഎസ്കെ ട്രോഫിയിലടക്കം സമീപകാലത്ത് മികച്ച ഫോമിലാണ് താരം. കഴിഞ്ഞ ആഭ്യന്തര സീസണിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത അഭിജിതിന്റെ സാന്നിധ്യം ടീമിന്റെ മധ്യനിരയ്ക്കും ബൗളിങ്ങിനും കൂടുതൽ സ്ഥിരത നൽകും. എൻഎസ്കെ ട്രോഫിയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച ആഷിഖ് അലിയാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു താരം.

വിക്കറ്റുകൾ വീഴ്ത്താനും റൺറേറ്റ് നിയന്ത്രിക്കാനും ശേഷിയുള്ള മികച്ചൊരു ബൗളിംഗ് നിരയും ഇത്തവണ റിപ്പിൾസിനുണ്ട്. കഴിഞ്ഞ സീസണിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയുടെ പരിചയസമ്പത്ത് ടീമിന് തുണയാകും. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ കൃത്യതയോടെ പന്തെറിയുന്ന അജയഘോഷാണ് പേസ് നിരയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം. കഴിഞ്ഞ സീസണിൽ 13 വിക്കറ്റുകളാണ് താരം കൊയ്തത്. ഇവരെക്കൂടാതെ അജിത് രാജും അഖിൽദേവും കെ അജിനാസും വിനിൽ ടി എസും ഉൾപ്പെടുന്ന ബൗളിംഗ് നിര ഏതൊരു ബാറ്റിങ് നിരയെയും തളയ്ക്കാൻ പ്രാപ്തമാണ്. കെസിഎല്ലിൽ ഹാട്രിക് നേടിയ ആദ്യ താരമാണ് അഖിൽദേവ്. കഴിഞ്ഞ സീസണിൽ ഹാട്രിക് നേടിയ ഏകതാരമായ അജിനാസ് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണുകളിലെ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട്, ഓരോ വിഭാഗത്തിലും കൃത്യമായ പ്ലാനിംഗോടെയാണ് ആലപ്പി റിപ്പിൾസ് ഇത്തവണ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഈ ടീമിന് ലീ​ഗിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് ടീമിന്‍റെ മുഖ്യപരിശീലകൻ. മുൻ താരം കെ. എസ് മോനിഷ്, ഫർസീൻ അഹമ്മദ് എന്നിവർ സഹപരിശീലകരായും ടീമിനൊപ്പമുണ്ട്. ശ്രീവത്സൻ പി. ബി (പെർഫോമൻസ് അനലിസ്റ്റ്), ഗബ്രിയേൽ ബെൻ കുര്യൻ (ഫീൽഡിംഗ് കോച്ച്), കെ. വിനീത് കുമാർ (സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്), അസ്കർ പി. വി (ടീം ഫിസിയോ), സന്തോഷ് പി. ചാക്കോ (മസ്സിയർ), നന്ദകുമാർ കെ. എ (ത്രോബോൾ സ്പെഷ്യലിസ്റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജർ) എന്നിവരാണ് സപ്പോർട്ടീവ് സ്റ്റാഫ് അം​ഗങ്ങൾ. ടി. എസ്. കലാധരൻ,ദേവിക കലാധരൻ, കൃഷ്ണ കലാധരൻ, റാഫേൽ തോമസ് എന്നിവരാണ് ടീമിൻ്റെ ഉടമകൾ.

ആലപ്പി റിപ്പിൾസ് സ്ക്വാഡ്: സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന, സിബിൻ ​ഗിരീഷ്, അഭിജിത് പ്രവീൺ, അക്ഷയ് ടി കെ, വിനിൽ ടി എസ്,ആകാശ് പിള്ള, ശ്രീരൂപ് എം പി, അരുൺ കെ എ, അഖിൽദേവ്, അജ്നാസ് കെ, ആഷിഖ് അലി, അമൽരാജ് ആ‍ർ, അജയഘോഷ് എൻ എസ്, അജിത് രാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യക്ക് പുറത്ത് വൈഭവ് സൂര്യവംശിയുടെ പ്രായത്തെക്കുറിച്ച് ഇപ്പോഴും സംശയമുണ്ട്, പക്ഷെ'.. വിവാദങ്ങൾക്ക് മറുപടിയുമായി ബ്രെറ്റ് ലീ
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി, സായ് സുദർശനും പുറത്ത്; പകരക്കാരനെ ഉടൻ പ്രഖ്യാപിക്കും