18 വർഷം, 5 കിരീടങ്ങൾ; ഒടുവിൽ ആ നിർണായക തീരുമാനമെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്, സ്റ്റീഫൻ ഫ്ലെമിങ് പരിശീലക സ്ഥാനമൊഴിഞ്ഞു

Published : Jul 13, 2026, 12:58 PM IST
MS Dhoni Stephen Fleming

Synopsis

ഫ്ലെമിങ്ങിന്‍റെ പരിശീലനത്തിന് കീഴിൽ ചെന്നൈ 10 തവണ ഐപിഎൽ ഫൈനലിലും, 12 തവണ പ്ലേഓഫിലും കളിച്ചു. ഫ്ലെമിങ്ങും സിഎസ്‌കെ മാനേജ്‌മെന്‍റും തമ്മിൽ നടത്തിയ തുറന്ന ചർച്ചകൾക്കൊടുവിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കോച്ച്-ഫ്രാഞ്ചൈസി കൂട്ടുകെട്ടുകളിലൊന്നിന് വിരാമം. ചെന്നൈ സൂപ്പർ കിങ്സും അവരുടെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങും പരസ്പര ധാരണയോടെ വേർപിരിഞ്ഞു. സിഎസ്‌കെയുടെ തുടക്കം മുതൽ ടീമിന്‍റെ ഭാഗമായിരുന്ന ഫ്ലെമിങ്ങിന്‍റെ 18 വർഷം നീണ്ട ഐതിഹാസികമായ ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്.

2008-ൽ ഐപിഎല്ലിന്‍റെ ഉദ്ഘാടന സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ കളിക്കാരനായാണ് ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങ് എത്തുന്നത്. തൊട്ടടുത്ത വർഷമായ 2009-ൽ ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. പിന്നീട് കഴിഞ്ഞ 17 വർഷമായി സിഎസ്‌കെയുടെ തന്ത്രങ്ങൾ മെനഞ്ഞത് ഫ്ലെമിങ് ആയിരുന്നു. മുൻ ക്യാപ്റ്റൻ എം.എസ് ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സിന്‍റെ അവസാന വാക്കായി മാറിയ വ്യക്തിയാണ് ഫ്ലെമിങ്. സ്റ്റീഫൻ ഫ്ലെമിങ്ങിന് കീഴിൽ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി ചെന്നൈ മാറി. 2010, 2011, 2018, 2021, 2023 വർഷങ്ങളിൽ ഫ്ലെമിങിനും ധോണിക്കും കീഴിലിറങ്ങിയ ചെന്നൈ കിരീടമുയർത്തി. ചാമ്പ്യൻസ് ലീഗ് ടി20യിൽ രണ്ടുതവണ ചാമ്പ്യന്മാരായി.

ഫ്ലെമിങ്ങിന്‍റെ പരിശീലനത്തിന് കീഴിൽ ചെന്നൈ 10 തവണ ഐപിഎൽ ഫൈനലിലും, 12 തവണ പ്ലേഓഫിലും കളിച്ചു. ഫ്ലെമിങ്ങും സിഎസ്‌കെ മാനേജ്‌മെന്‍റും തമ്മിൽ നടത്തിയ തുറന്ന ചർച്ചകൾക്കൊടുവിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. 2026 സീസൺ ഉൾപ്പെടെ തുടർച്ചയായ മൂന്ന് സീസണുകളിൽ ചെന്നൈയ്ക്ക് പ്ലേഓഫ് യോഗ്യത നേടാനാകാത്തതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മാനേജ്‌മെന്‍റിനെ നയിച്ചത്. മത്സരഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തന്‍റെ സ്ഥാനമെന്ന് ഫ്ലെമിങ് സീസണിനിടെ വ്യക്തമാക്കിയിരുന്നു.

 

ഫ്ലെമിങ്ങിന് നന്ദി രേഖപ്പെടുത്തി സിഎസ്‌കെ ഉടമ രൂപ ഗുരുനാഥ് രംഗത്തെത്തി. ഞങ്ങളുടെ കോച്ചിംഗ് യൂണിറ്റിന്‍റെ ഹൃദയമിടിപ്പായിരുന്നു സ്റ്റീഫൻ ഫ്ലെമിങ്. ഏകദേശം രണ്ട് പതിറ്റാണ്ടോളം ടീമിന്‍റെ സംസ്കാരവും കാഴ്ചപ്പാടും രൂപപ്പെടുത്താൻ അദ്ദേഹം സഹായിച്ചു. കളിക്കളത്തിലെ യാത്ര അവസാനിച്ചാലും അദ്ദേഹം എക്കാലവും സിഎസ്‌കെയുടെ ഭാഗമായിരിക്കുമെന്ന് രൂപ ഗുരുനാഥ് പറഞ്ഞു. വ്യത്യസ്ത തലമുറയിലെ കളിക്കാരെ ഒത്തൊരുമയോടെ കൊണ്ടുപോകാനും ടീമിന് സ്ഥിരതയാർന്ന അന്തരീക്ഷം ഒരുക്കാനും ഫ്ലെമിങ്ങിന് സാധിച്ചതായി ചെന്നൈ സൂപ്പർ കിങ്സ് മാനേജിങ് ഡയറക്ടർ കെ.എസ് വിശ്വനാഥൻ പറഞ്ഞു.

തന്‍റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു സിഎസ്‌കെയെ പരിശീലിപ്പിക്കാൻ ലഭിച്ച അവസരമെന്ന് സ്റ്റീഫൻ ഫ്ലെമിങ് പ്രതികരിച്ചു. സ്പോർട്സിൽ 18 വർഷം എന്നത് വളരെ വലിയൊരു കാലയളവാണെന്നും ചെന്നൈ എപ്പോഴും തന്‍റെ ഹൃദയത്തോട് ചേർന്നുനിൽക്കുമെന്നും വരും വർഷങ്ങളിലും താൻ ചെന്നൈയ്ക്കായി ആർത്തുവിളിക്കുമെന്നും ഫ്ലെമിങ് കൂട്ടിച്ചേർത്തു. ഫ്ലെമിങ്ങിന് പകരക്കാരൻ ആരായിരിക്കുമെന്ന് ചെന്നൈ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2009-ന് ശേഷം ആദ്യമായി ഒരു പുതിയ പരിശീലകനെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് ഇപ്പോൾ സിഎസ്‌കെ മാനേജ്‌മെന്‍റിന് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഷസിന് മുൻപ് നിർണായക തീരുമാനമെടുക്കാൻ ഇംഗ്ലണ്ട്, ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മക്കല്ലത്തിന് പകരമെത്തുക രാഹുൽ ദ്രാവിഡ്?
'ഐപിഎല്ലിലെ ബാറ്റിംഗ് അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി'; വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍