2008ല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് എന്നെ ഏകദിന ടീമില്‍ നിന്നൊഴിവാക്കിയത്. അന്ന് ആദ്യം എന്‍റെ മനസില്‍ വന്നത് വിരമിക്കലിനെക്കുറിച്ചുള്ള ചിന്തകളാണ്. അതിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരവ് നടത്തി ഞാന്‍ 150 റണ്‍സടിച്ചിരുന്നു.

ദില്ലി: എം എസ് ധോണി(MS Dhoni) ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് 2008ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനിരുന്നതാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). അന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്(Sachin Tendulkar) തന്‍റെ മനസ് മാറ്റിയതെന്നും ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു.

2008ല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് എന്നെ ഏകദിന ടീമില്‍ നിന്നൊഴിവാക്കിയത്. അന്ന് ആദ്യം എന്‍റെ മനസില്‍ വന്നത് വിരമിക്കലിനെക്കുറിച്ചുള്ള ചിന്തകളാണ്. അതിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരവ് നടത്തി ഞാന്‍ 150 റണ്‍സടിച്ചിരുന്നു. എന്നാല്‍ മൂന്നോ നാലോ ഏകദിനങ്ങളില്‍ തുടര്‍ച്ചയായി എനിക്ക് സ്കോര്‍ ചെയ്യാനായില്ല. അതുകൊണ്ട് ധോണി എന്നെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി. ആ സമയത്താണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം തുടരാമെന്നും ഞാന്‍ ആലോചിച്ചു. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അന്ന് എന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. ഇത് കരിയറിലെ മോശം സയമമാണെന്നും കുറച്ചു സമയം കൂടി കാത്തിരിക്കാനും നാട്ടില്‍ തിരിച്ചെത്തിയശേഷം നല്ലപോലെ ആലോചിച്ചശേഷം മാത്രം തീരുമാനം എടുക്കാനും സച്ചിന്‍ ഉപദേശിച്ചു.

ഭാഗ്യത്തിന് അന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ല. ഏകദിനങ്ങളില്‍ ഇന്ത്യക്കായി തുടര്‍ന്നും കളിച്ച സെവാഗ് സച്ചിന് ശേഷം ഏകദിനങ്ങളില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കളിക്കാരനായി. ഇന്ത്യക്കായി 2011ലെ ഏകദിന ലോകകപ്പ് വിജയത്തില്‍ പങ്കാളിയായി.വിരാട് കോലി ഫോം വീണ്ടെടുക്കാനായി കരിയറില്‍ ബ്രേക്ക് എടുക്കണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് താന്‍ വിരമിക്കാനിരുന്ന കാര്യം സെവാഗ് തുറന്നു പറഞ്ഞത്.

കരിയറില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്ന കളിക്കാരുണ്ടെന്നും അവര്‍ മോശം ഫോമിനെയും വിമര്‍ശനങ്ങളെയും തമാശയായിട്ടെ കാണൂവെന്നും ഗ്രൗണ്ടില്‍ റണ്‍സടിച്ചുകൂട്ടി മറുപടി നല്‍കാനെ അവര്‍ ശ്രമിക്കൂവെന്നും കോലി അത്തരമൊരു കളിക്കാരനാണെന്നും സെവാഗ് പറഞ്ഞു. എന്നാല്‍ മറ്റ് ചില കളിക്കാര്‍ ചുറ്റുമുള്ള വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കുകയും അതിന് അനുസരിച്ച് അവരുടെ കരിയര്‍ അവസാനിപ്പിക്കുകയും ചെയ്യുമെന്നും സെവാഗ് വ്യക്തമാക്കി. വിമര്‍ശനങ്ങളെ കാര്യമാക്കാത്ത കളിക്കാരനായിരുന്നു താനെന്നും പരമാവധി മത്സരങ്ങളില്‍ കളിക്കുകയും റണ്‍സടിച്ചുകൂട്ടകയും മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും സെവാഗ് പറഞ്ഞു.

2008ല്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില്‍ സെവാഗ് 6, 33, 11, 14 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. തുടര്‍ന്നാണ് സെവാഗിനെ ധോണി പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയത്. ഒരു മത്സരത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയെങ്കിലും ആ മത്സരത്തില്‍ 14 റണ്‍സ് മാത്രമെടുത്ത് സെവാഗ് പുറത്തായി. ത്രിരാഷ്ട്ര പരമ്പരയിലെ ബെസ്റ്റ് ഓഫ് ത്രീ ഫൈനലില്‍ ഓസീസിനെ 2-0ന് തോല്‍പ്പിച്ച് ഇന്ത്യ ചരിത്ര വിജയം നേടിയിരുന്നു. എന്നാല്‍ സെവാഗ് ഫൈനലില്‍ ഇന്ത്യക്കായി കളിച്ചിരുന്നില്ല.