
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ മാസം 31ന് തുടങ്ങാനിരിക്കെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത നഷ്ടം സംഭവിച്ചത്. അവരുടെ ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ ശ്രേയസിന് പരിക്കേറ്റു. ചുരുങ്ങിയത്, പാതി ഐപിഎല്‍ സീസണെങ്കിലും കൊല്‍ക്കത്തയ്ക്ക് നഷ്ടമായേക്കും. നിലവില്‍ കൊല്‍ക്കത്ത ഇതുവരെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 30ന് മുമ്പ് ഇടക്കാല ക്യാപ്റ്റനെ ടീം ഉടമസ്ഥനായ ഷാരൂഖ് ഖാന്‍ പ്രഖ്യാപിക്കുന്നമെന്നാണ് അറിയുന്നത്.
ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, ദീര്‍ഘകാലമായി ടീമിനൊപ്പമുള്ള ആന്ദ്രേ റസ്സല്‍, നിതീഷ് റാണ എന്നിവരെല്ലാം ടീമിനൊപ്പമുണ്ട്. സ്വാഭാവികമായിട്ടും സീനിയോരിറ്റിയും ക്യാപ്റ്റനായുള്ള പരിചയസമ്പത്തും മാനദണ്ഡമെങ്കില്‍ ഷാക്കിബ് നായകസ്ഥാനത്ത് ഇരിക്കേണ്ടത്. എന്നാല്‍ ഇവരില്‍ ആരുമായിരിക്കില്ല നായകനെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍, വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ എന്നിവരില്‍ ഒരാളെ ക്യാപ്‌നാക്കാനാണ് തീരുമാനം.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് നരെയ്ന്‍. 122 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 2012, 2014 വര്‍ഷങ്ങളില്‍ ടീം കപ്പെടുക്കുമ്പോള്‍ നിര്‍ണായക പ്രകടനം പുറത്തെടുക്കാന്‍ നരെയ്‌നായിരുന്നു. അടുത്തിടെ ഇന്റര്‍നാഷണ്‍ ലീഗ് ടി20യില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിനെ നയിച്ചിരുന്നത് നരെയ്‌നായിരുന്നു. എന്നാല്‍ മൂന്ന് പോയിന്റ് മാത്രം നേടിയ ടീം അവസാന സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.
ഇത്തവണ ട്രേഡിംഗിലൂടെ കൊല്‍ക്കത്തയിലെത്തി താരമാണ് ഷാര്‍ദുല്‍. 10.75 കോടിക്കാണ് താരം കൊല്‍ക്കത്തയിലെത്തിയത്. അദ്ദേഹത്തെ കൊല്‍ക്കത്ത ജേഴ്‌സിയിലെ ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റനാക്കുന്നതിലെ പ്രശ്‌നങ്ങള്‍ ടീം മാനേജ്‌മെന്റ് ആലോചിക്കും. അതേസമയം, സീസണിലെ രണ്ടാംഘട്ടത്തില്‍ ടീമിനൊപ്പം ചേരാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ശ്രേയസ്.
അടുത്ത മാസം ഒന്നിന് മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിന് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. ജൂണിന് മുമ്പ് ശ്രേയസ് ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യക്കും തിരിച്ചടിയാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!