
ഹൈദരാബാദ്: പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ശ്രീലങ്കൻ ലെഗ് സ്പിന്നര്‍ വാനിന്ദു ഹസരങ്കയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ലങ്കൻ സ്പിന്നറായ 22കാരനായ വിജയകാന്ത് വിയാസ്കാന്തിനെയാണ് സണ്‍റൈസേഴ്സ് ഹസരങ്കയുടെ പകരക്കാരനായി ടീമിലെടുത്തത്.
കഴിഞ്ഞവര്‍ഷം ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കക്കായി കളിച്ച താരമാണ്. വിജയകാന്ത്. ഏഷ്യന്‍ ഗെയിംസില്‍ ഒരു മത്സരം മാത്രം കളിച്ച വിജയകാന്ത് ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍ മുംബൈ എമിറേറ്റ്സിനായി നാലു മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്ത്തി വിജയകാന്ത് തിളങ്ങിയിരുന്നു.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറ്റഗോറം ചലഞ്ചേഴ്സിനായി ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ജാഫ്ന കിംഗ്സിനായും വിജയകാന്ത് കളിച്ചിട്ടുണ്ട്. ഇതുവരെ കളിച്ച 33 ടി20 മത്സരങ്ങളില്‍ 18.78 ശരാശരിയിലും 6.76 ഇക്കോണമി റേറ്റിലും 42 വിക്കറ്റുകള്‍ വിജയകാന്ത് വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്‍ താരലേലത്തില്‍ 1.5 കോടി മുടക്കി ടീമിലെടുത്ത ഹസരങ്കക്ക് കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാനായിരുന്നില്ല. 202ല്‍ 10.75 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവില്‍ കളിച്ച ഹസരങ്കക്ക് പക്ഷെ കഴിഞ്ഞ സീസണില്‍ കുറച്ചു മത്സരങ്ങളിലെ കളിക്കാനായിരുന്നുള്ളു. തുടര്‍ന്നാണ് ആര്‍സിബി താരത്തെ ലേലത്തില്‍ വെച്ചത്.
ഐപിഎല്ലില്‍ നാലു മത്സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്സ് രണ്ട് ജയവും രണ്ട് തോല്‍വിയും അടക്കം നാലു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ അഞ്ചാമതാണിപ്പോള്‍. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് മത്സരത്തിനിറങ്ങുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!