Asianet News MalayalamAsianet News Malayalam

ലോകകപ്പ് ടീമില്‍ റിഷഭ് പന്ത് സീറ്റുറപ്പിച്ചോ?; രണ്ടാം വിക്കറ്റ് കീപ്പറാവാന്‍ മുന്നിലുള്ളത് സഞ്ജുവും രാഹുലും

രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കം അഞ്ച് കളികളില്‍ 153 റണ്‍സടിച്ച പന്ത് റണ്‍വേട്ടയില്‍  പതിനാലാം സ്ഥാനത്താണിപ്പോള്‍.

Did Rishabh Pant secures place in Indias T20 World Cup squad, Who Will be second wicket keeper,Sanju Samson or KL Rahul
Author
First Published Apr 9, 2024, 6:00 PM IST

മുബൈ: ജൂണില്‍ തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാന്‍ ഇനിയും മൂന്നാഴ്ച കൂടിയുണ്ടെങ്കിലും ലോകകപ്പ് ടീമില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് സ്ഥാനം ഉറപ്പാക്കിയെന്നാണ് ഐപിഎല്‍ രണ്ട് വാരം പിന്നിടുമ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട റിഷഭ് പന്തിന് കഴിഞ്ഞ ഐപിഎല്‍ പൂര്‍ണമായും നഷ്ടമായിരുന്നു.

ഇത്തവണത്തെ ഐപിഎല്ലിലൂടെയാണ് പന്ത് മത്സര ക്രിക്കറ്റില്‍ തന്നെ തിരിച്ചെത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും വിക്കറ്റ് കീപ്പര്‍/ബാറ്റര്‍ എന്ന നിലയില്‍ പന്തിന്‍റെ പ്രകടനം തൃപ്തികരമാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. വലിയൊരു ഇടവേളക്കുശേഷം തിരിച്ചുവരുന്നതിന്‍റെ യാതൊരു പതര്‍ച്ചകളുമില്ലാതെ ബാറ്റിംഗിലും കീപ്പിംഗിലും പന്തിന് ഇതുവരെ തിളങ്ങാനായി.

'അന്ന് മുംബൈയിൽ തുടർന്നിരുന്നെങ്കിൽ'..; കരിയറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങൾ വെളിപ്പെടുത്തി ദിനേശ് കാർത്തിക്

രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കം അഞ്ച് കളികളില്‍ 153 റണ്‍സടിച്ച പന്ത് റണ്‍വേട്ടയില്‍  പതിനാലാം സ്ഥാനത്താണിപ്പോള്‍. എങ്കിലും അപകടത്തില്‍ നിന്ന് തിരിച്ചുവന്നശേഷമുള്ള പന്തിന്‍റെ ബാറ്റിംഗും കീപ്പിംഗും സെലക്ടര്‍മാരില്‍ മതിപ്പുളവാക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ കൂടി പന്തില്‍ നിന്നുണ്ടായാല്‍ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് റിഷഭ് പന്ത് സ്ഥാനം ഉറപ്പിക്കുമെന്നാണ് കരുതുന്നത്.

നാലു കളികളില്‍ 178 റണ്‍സുമായി റണ്‍വേട്ടയില്‍ ആറാമതുള്ള മലയാളി താരം സ‍ഞ്ജു സാംസണാണ് 15 അംഗ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തില്‍ നിലവില്‍ മുന്നിലുള്ളത്. എന്നാലിത് എപ്പോള്‍ വേണമെങ്കില്‍ മാറിമറിയാം. നാലു കളികളില്‍ 126 രണ്‍സുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ് നായകന്‍ കെ എല്‍ രാഹുല്‍, പ‍ഞ്ചാബ് കിംഗ്സ് വൈസ് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ധ്രുവ് ജുറെല്‍ എന്നിവരാണ് സഞ്ജുവിന് വെല്ലുവിളിയുമായി രംഗത്തുള്ളത്.

വർഷങ്ങൾക്ക് ശേഷം മുഹമ്മദ് ആമിർ വീണ്ടും പാക് ടീമിൽ, ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ഇതില്‍ രാഹുല്‍ ലഖ്നൗവിനായി ഓപ്പണറെന്ന നിലയിലാണ് കളിക്കുന്നത്. ഓപ്പണറെന്ന നിലയില്‍ രാഹുലിന്‍റെ മെല്ലെപ്പോക്ക് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. 128..57 മാത്രമാണ് രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റെങ്കില്‍ സഞ്ജുവിന് 150.84 സ്ട്രൈക്ക് റേറ്റുണ്ട്. ജിതേഷ് ശര്‍മയും ധ്രുവ് ജുറെലും ഇഷാന്‍ കിഷനുമൊന്നും ഇതുവരെ അസാമാന്യ പ്രകടനങ്ങളൊന്നും പുറത്തെത്തിട്ടില്ല. ഓപ്പണര്‍ മുതല്‍ ഫിനിഷര്‍ വരെയായി കളിപ്പിക്കാന്‍ കഴിയുമെന്നത് സഞ്ജുവിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും രാഹുലിനും ഇതേ മുന്‍തൂക്കമുണ്ട്.

ഐപിഎല്‍ ആദ്യ രണ്ടാഴ്ചയിലെ ഫോമും പ്രകടനവും വിലയിരുത്തിയാല്‍ റിഷഭ് പന്തും സ‍ഞ്ജു സാംസണുമാകും ലോകകപ്പ് ടീമിലെത്തുക. എന്നാല്‍ വരും മത്സരങ്ങളില്‍ ഇവര്‍ എങ്ങനെ കളിക്കുന്നു എന്നത് കൂടി നിർണായകമാണ്. മെയ് ഒന്നിന് മുമ്പ് ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കണമെന്നതിനാല്‍ ഈ മാസം അവസാനം ഇന്ത്യ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തേക്കും. മെയ് 25വരെ ടീമില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios