
ദില്ലി: ബിസിസിഐയെയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും എന്തുകൊണ്ട് ദേശീയ കായിക നിയമത്തിന്‍റെ പരിധിയിൽ കൊണ്ടു വന്നുകൂടാ എന്ന് സുപ്രീം കോടതി. ബിസിസിഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും ഭാരവാഹികളുടെ സർവീസ് നിബന്ധനകളും വ്യവസ്ഥകളും നിലവിൽ പ്രാബല്യത്തിലുള്ള ഈ നിയമത്തിന് കീഴിലാക്കിക്കൂടേ എന്നും കോടതി ആരാഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ചില ക്രിക്കറ്റ് ബോഡികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ബിസിസിഐക്കും സംസ്ഥാന അസോസിയേഷനുകൾക്കും വേണ്ടി ഹാജരായ അഭിഭാഷകരോട് ഇക്കാര്യത്തിൽ കൃത്യമായ മറുപടി തേടാൻ കോടതി നിർദേശിച്ചു. 2014 മുതൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണിത്.
ബോർഡിന്‍റെ ഭരണഘടന പരിഷ്കരിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ നേതൃത്വത്തിൽ സുപ്രീം കോടതി നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ലോധ കമ്മിറ്റി മുന്നോട്ടുവെച്ച ഭരണഘടനാ മാറ്റങ്ങളും ഭരണപരിഷ്കാരങ്ങളും പിന്നീട് പരമോന്നത കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022 സെപ്റ്റംബറിൽ ബിസിസിഐയുടെ ഭരണഘടനയിൽ മാറ്റം വരുത്താൻ സുപ്രീം കോടതി അനുമതി നൽകി. ഇതുപ്രകാരം ഒരു ഭാരവാഹിക്ക് തുടർച്ചയായി 12 വർഷം വരെ (6 വർഷം സംസ്ഥാന അസോസിയേഷനിലും 6 വർഷം ബിസിസിഐയിലും) പദവികളിൽ തുടരാമെന്നും, അതിനുശേഷം 3 വർഷത്തെ നിർബന്ധിത ഇടവേള എടുത്താൽ മതിയെന്നും ഉത്തരവായി. എന്നാൽ ഇതിനുമുമ്പ് കോടതി അംഗീകരിച്ചിരുന്ന നിയമപ്രകാരം, സംസ്ഥാന അസോസിയേഷനിലോ ബിസിസിഐയിലോ തുടർച്ചയായി രണ്ട് തവണ (മൂന്ന് വർഷം വീതം) പദവികൾ വഹിച്ചാൽ മൂന്ന് വർഷത്തെ ഇടവേള നിർബന്ധമായിരുന്നു. കായിക മേഖലയിലെ സുതാര്യത ലക്ഷ്യമിട്ട് കൊണ്ടുവന്ന 2025-ലെ പുതിയ കായിക നിയമം ബിസിസിഐക്കും ബാധകമാക്കുന്നതിനെക്കുറിച്ച് വരും ദിവസങ്ങളിൽ സുപ്രീം കോടതി കൂടുതൽ വാദം കേൾക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!