ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ്ണ തോൽവി പ്രവചിച്ച അദ്ദേഹം, കളിക്കാരുടെ പ്രകടനത്തിനപ്പുറം ആഭ്യന്തര ക്രിക്കറ്റിലെ ഘടനാപരമായ പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി. ബോർഡിന്റെ തുടർച്ചയായ മാറ്റങ്ങളെ മുൻ താരം സയീദ് അജ്മലും വിമർശിച്ചു.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ചരിത്രത്തിലെ ഏറ്റവും അവസ്ഥയിലാണെന്ന് തുറന്നുപറഞ്ഞ് ഇതിഹാസ പേസര്‍ വസീം അക്രം. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്നോടിയായാണ് പാക് ക്രിക്കറ്റിലെ ആഴത്തിലുള്ള പ്രതിസന്ധികളെക്കുറിച്ച് അക്രം സംസാരിച്ചത്. പരമ്പരയില്‍ പാകിസ്ഥാന്‍ 3-0ത്തിന് വൈറ്റ് വാഷ് ചെയ്യപ്പെട്ടാല്‍ താന്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കളിക്കാരുടെ പ്രകടനത്തിനപ്പുറം പാക് ക്രിക്കറ്റ് സംവിധാനത്തിന്റെ അടിത്തട്ടില്‍ തന്നെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് അക്രം ചൂണ്ടിക്കാണിച്ചു. 'പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നമ്മള്‍ 3-0ത്തിന് തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. നമ്മുടെ ബാറ്റിംഗ് തകര്‍ച്ചയിലാണ്, ബോളിങ് ശരാശരിയിലും താഴെയാണ്, ഫീല്‍ഡിങ് അതിലും മോശവും. ഇതില്‍ ഒട്ടും ശാസ്ത്രീയതയൊന്നുമില്ല,. അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ മുന്‍ താരങ്ങള്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യത്തിന്, പ്രശ്‌നങ്ങള്‍ വളരെ വലുതാണെന്നും ഒറ്റയാള്‍ക്ക് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും അക്രം വ്യക്തമാക്കി. ആഭ്യന്തര ഫസ്റ്റ് ക്ലാസ് ഘടനയിലുള്ള അസ്ഥിരതയും തുടര്‍ച്ചയായ മാറ്റങ്ങളുമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ അവസാന മത്സരത്തിനായി നിരവധി പുതുമുഖങ്ങളുമായാണ് പാകിസ്ഥാന്‍ എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം മുന്‍ താരം സയീദ് അജ്മലും പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസ്ഥയെ കുറിച്ച് സംസാരിച്ചിരുന്നു. അജ്മലിന്റെ വാക്കുകള്‍... ''ബോര്‍ഡിന്റെ നിരന്തരമായ മാറ്റങ്ങളും തീരുമാനങ്ങളും കളിക്കാരെ മാനസികമായി തളര്‍ത്തുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെപ്പോലും പെട്ടെന്ന് ഒഴിവാക്കുന്നത് കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയല്ല, മറിച്ച് നിലവിലുള്ള കളിക്കാരെ പൂര്‍ണ്ണമായി മാറ്റുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം.'' അജ്മല്‍ പറഞ്ഞു. ഹൈ-പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആഖിബ് ജാവേദും റെഡ്-ബോള്‍ കോച്ചായി ചുമതലയേറ്റ മൈക്ക് ഹെസനും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും, ഈഗോ പ്രശ്നങ്ങളാണ് ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

