
മുംബൈ: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം നേടിയശേഷം ഇന്ത്യൻ ടീമിന് കിരീടം സമ്മാനിക്കാതിരുന്നതില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തതിനെ തുടര്‍ന്നാണ് സമ്മാനദാന ചടങ്ങില്‍ ജേതാക്കളായ ഇന്ത്യക്ക് കിരീടം സമ്മാനിക്കാതിരുന്നത്. ഇതിനെക്കുറിച്ചാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.
ബിസിസിഐയോ ഇന്ത്യൻ സര്‍ക്കാരോ അല്ല മൊഹ്സിൻ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങരുതെന്ന് നിര്‍ദേശിച്ചതെന്നും അത് ടീം അംഗങ്ങള്‍ ഗ്രൗണ്ടില്‍വെച്ചെടുത്ത കൂട്ടായ തീരുമാനമായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. അവര്‍ ട്രോഫിയുമെടുത്ത് ഓടിപ്പോയി. അതാണ് ഞങ്ങള്‍ ഗ്രൗണ്ടില്‍ കണ്ടത്. ആരൊക്കെയോ അതിന്‍റെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ വാതിലടച്ച് ഇരിക്കുകയായിരുന്നില്ല. ഞങ്ങളെല്ലാവരും ഗ്രൗണ്ടില്‍ തന്നെയുണ്ടായിരുന്നു. വ്യക്തിഗത പുരസ്കാരങ്ങള്‍ സ്വീകരിച്ച താരങ്ങളുമായി ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളൊരിക്കലും സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചിട്ടില്ല. അതിനായി ഡ്രസ്സിംഗ് റൂമില്‍ വാതിലടച്ച് ഇരുന്നിട്ടുമില്ല.
ആരെയും കാത്തു നിര്‍ത്തിയിട്ടുമില്ല. ടീം അംഗങ്ങളെല്ലാം ഗ്രൗണ്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഓരോരുത്തര്‍ക്കും കിട്ടിയ വ്യക്തിഗത പുരസ്കാരങ്ങള്‍ ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. ഒരു കാര്യം വ്യക്തമായി പറയാം, മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന തീരുമാനം ബിസിസിഐയുടേതോ ഇന്ത്യൻ സര്‍ക്കാരിന്‍റെയോ അല്ല, അത് ഞങ്ങള്‍ ഗ്രൗണ്ടില്‍ കൂട്ടായി എടുത്തതാണ്. സമ്മാനദാനച്ചടങ്ങിനായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധികള്‍ ആ സമയം വേദിയിലുണ്ടായിരുന്നു. അവര്‍ എന്ചോ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. അവരിലാരോ മൈക്കില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കാണികള്‍ കൂവാന്‍ തുടങ്ങി. പിന്നെ ഞങ്ങള്‍ കാണുന്നത് ട്രോഫിയുമെടുത്ത് അവരുടെ പ്രതിനിധികളാരോ ഓടിപ്പോവുന്നതാണെന്നും സൂര്യകുമാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക