
ദുബായ്: ഏഷ്യാ കപ്പില്‍ നാളെ പാകിസ്ഥാനെതിരായ നിര്‍ണായക സൂപ്പര്‍ ഫോര്‍ മത്സരത്തിനിറങ്ങും മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാകിസ്ഥാന്‍റെ പേരുപോലും പരാമര്‍ശിക്കാതെ ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളം പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പരമ്പരാഗത വൈരത്തെക്കുറിച്ച് മാധ്യമങ്ങങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ഏത് വൈരത്തെക്കുറിച്ചാണ് പറയുന്നത് എനിക്കറിയില്ലെന്നായിരുന്നു സൂര്യകുമാറിന്‍റെ മറുപടി. ഞാനാകെ കാണുന്നത് നിറഞ്ഞ ഗ്യാലറിയെ മാത്രമാണ്. അവരെ സന്തോഷിപ്പിക്കാനുള്ള കളി പുറത്തെടുക്കാന്‍ തന്‍റെ ടീം അംഗങ്ങളോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്യാറുള്ളത്. കളി കാണാനായി ഇത്രയധികം ആളുകള്‍ വരുമ്പോള്‍ അവരെ സന്തോഷിപ്പിക്കുക എന്നത് ഞങ്ങളുടെ ജോലിയാണ്.
കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നന്നായി ബാറ്റ് ചെയ്തു, അതുപോലെ മറ്റ് പലകാര്യങ്ങളും ചെയ്തുവല്ലോ എന്ന് ഹസ്തദാന വിവാദം നേരിട്ട് പറയാതെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ മറ്റ് കാര്യങ്ങള്‍ എന്ന് നിങ്ങൾ ഉദ്ദേശിച്ചത് നന്നായി ബൗള്‍ ചെയ്തു എന്നല്ലേ എന്നായിരുന്നു മറുപടി നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ നേടിയ ജയം ഇന്ത്യക്ക് നാളെ മുന്‍തൂക്കം നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സൂര്യകുമാറിന്‍റെ മറുപടി. ഞങ്ങള്‍ അവരുമായി ഒരു മത്സരം മാത്രമെ കളിച്ചുള്ളു. അതില്‍ ജയിക്കാനുമായി. നാളെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണമെന്നും സൂര്യകുമാര്‍ പറഞ്ഞു.
ഇന്ത്യ-പാക് മത്സരങ്ങൾക്ക് പോരാട്ടവീര്യവും നിലവാരവും കുറയുകയാണോ എന്ന ചോദ്യത്തിന് നോക്കു സ്റ്റേഡിയം ഫുള്ളായിരിക്കും, മികച്ച പ്രകടനം പുറത്തെടുത്ത് അവരെ സന്തോഷിപ്പിക്കുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് എന്നായിരുന്നു സൂര്യയുടെ മറുപടി.സമീപകാലത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരമാണോ കരിയറിലെ ഏറ്റവും മികച്ച മത്സരമെന്നെ ചോദ്യത്തിന് താന്‍ അരങ്ങേറ്റം കുറിച്ച മത്സരമാണ് തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച മത്സരമെന്നായിരുന്നു സൂര്യയുടെ മറുപടി. 13 മിനിറ്റ് നീണ്ട വാര്‍ത്താസമ്മേളനത്തില്‍ ഒരു തവണ പോലും പാകിസ്ഥാന്‍റെ പേര് സൂര്യകുമാര്‍ യാദവ് പറഞ്ഞില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക