ആറ് ലോകകപ്പുകള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അശ്വിന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

ചെന്നൈ: 2011ലെ ലോകകപ്പിനും 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്കും ശേഷം ഇന്ത്യന്‍ ടീം ഐസിസി കിരീടങ്ങളുയര്‍ത്തിയിട്ടില്ല. വിരാട് കോലി ക്യാപ്റ്റനായിരിക്കേ ഐസിസി കിരീടമൊന്നും ലഭിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് വഴി തുറന്നിരുന്നു. സമാന അനുഭവമാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും നേരിടുന്നത്. അതിനാല്‍ ഐസിസി ട്രോഫി നേടുന്ന കാര്യത്തില്‍ ആരാധകര്‍ ക്ഷമ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഐസിസി ട്രോഫി നേടുക എളുപ്പമല്ലെന്ന് അശ്വിന്‍ പറയുന്നു. ആറ് ലോകകപ്പുകള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അശ്വിന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

'നിങ്ങള്‍ക്ക് പറയാന്‍ എളുപ്പമാണ്, എന്നാല്‍ ഐസിസി കിരീടം സ്വന്തമാക്കുക പ്രയാസമാണ്. 1983 ലോകകപ്പിന് ശേഷം, ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 1992, 1996, 1999, 2003, 2007 ലോകകപ്പുകള്‍ കളിച്ച് ഒടുവില്‍ 2011ലാണ് ലോക കിരീടം നേടുന്നത്. ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ സച്ചിന് ആറ് ടൂര്‍ണമെന്‍റുകള്‍ കാത്തിരിക്കേണ്ടിവന്നു. നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ എം എസ് ധോണി ലോക കിരീടമുയര്‍ത്തി. എന്നാല്‍ ഇത് എല്ലാവരുടേയും കാര്യത്തില്‍ സംഭവിക്കണം എന്നില്ല. രോഹിത് ശര്‍മ്മയും വിരാട് കോലിയും 2007ല്‍ കളിച്ചിരുന്നില്ല. രോഹിത് 2011 ലോകകപ്പ് മിസ് ചെയ്തു. 2011ല്‍ കളിച്ച കോലി 2015, 2019 വര്‍ഷങ്ങളിലും ലോകകപ്പ് കളിച്ചു. ഇനി 2023 ലോകകപ്പ് കളിക്കാനായി കാത്തിരിക്കുന്നു. കോലി ഐസിസി കിരീടമൊന്നും നേടിയിട്ടില്ല എന്ന് വിമര്‍ശകര്‍ പറയുന്നു. ക്യാപ്റ്റനല്ലെങ്കിലും താരമായി 2011ല്‍ ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും കോലി നേടിയിട്ടുണ്ട്. രോഹിത്തും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടി' എന്നും ആര്‍ അശ്വിന്‍ യൂട്യൂബ് വീഡിയോയില്‍ ചൂണ്ടിക്കാട്ടി. 

ഓസ്ട്രേലിയ കഴിഞ്ഞ വര്‍ഷം വേദിയായ ട്വന്‍റി 20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായിരുന്നു. പത്ത് വർഷമായി ഐസിസി ടൂർണമെന്‍റുകളിൽ നിരാശാജനകമായ പ്രകടനം ഇന്ത്യ തുടരുകയാണ്. 2015ൽ ഓസ്ട്രേലിയയിൽ നടന്ന ഏകദിന ലോകകപ്പിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തോറ്റു. തൊട്ടടുത്ത വർഷം ഇന്ത്യ വേദിയായ ട്വന്‍റി 20 ലോകകപ്പിൽ മുംബൈയിൽ നടന്ന സെമിയിൽ വെസ്റ്റ് ഇൻഡീസിനോട് തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. 2017ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോട് ഇന്ത്യ ദയനീയ തോൽവി ഏറ്റുവാങ്ങി. 2019 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡാണ് സെമിയിൽ ഇന്ത്യയെ മടക്കിയത്. 2021ല്‍ ദുബായിൽ നടന്ന ട്വന്‍റി 20 ലോകകപ്പിലാകട്ടെ ആദ്യ രണ്ട് കളി തോറ്റതോടെ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. ഇതിനിടയിൽ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയെങ്കിലും ന്യൂസിലൻഡിനോട് അവിടെയും തോൽവി നേരിട്ടു.