'ഗില്ലും അഭിഷേകും വിജയത്തില്‍ നിര്‍ണായക പങ്കാളികള്‍'; മത്സരത്തിന് ശേഷം സൂര്യകുമാര്‍ യാദവ്

Published : Nov 06, 2025, 09:27 PM IST
Shubman Gill

Synopsis

ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ 48 റണ്‍സിന്റെ ജയം സ്വന്തമാക്കി. മത്സരശേഷം സംസാരിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്ലിന്റെയും അഭിഷേക് ശര്‍മയുടെയും പ്രകടനത്തെ പ്രശംസിച്ചു. 

ക്യൂന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ 48 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 18.2 ഓവറില്‍ 119ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്പിന്നര്‍മാരാണ് ഓസിസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യയുടെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സൂര്യയുടെ വാക്കുകള്‍... ''എല്ലാ ബാറ്റര്‍മാക്കും ക്രഡിറ്റ് അവകാശപ്പെടാം, പ്രത്യേകിച്ച് അഭിഷേക് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും. പവര്‍പ്ലേയില്‍ അവര്‍ സമര്‍ത്ഥമായി കളിച്ചു. 200+ റണ്‍സ് നേടാന്‍ കഴിയുന്ന ഒരു സാധാരണ വിക്കറ്റ് അല്ല ഇതെന്ന് അവര്‍ക്ക് നേരത്തെ തന്നെ മനസിലായി. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു, കൂട്ടായ പ്രയത്‌നമായിരുന്നു ഇത്. ബൗളര്‍മാര്‍ വേഗത്തില്‍ പൊരുത്തപ്പെട്ടു, പ്രത്യേകിച്ച് അല്‍പം ഈര്‍പ്പമുണ്ടായപ്പോള്‍. രണ്ടോ മൂന്നോ ഓവറുകള്‍ പോലും എറിയാന്‍ കഴിയുന്ന ബൗളര്‍മാര്‍ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. ചില ദിവസങ്ങളില്‍ നാല് ഓവറുകള്‍ എറിയും. ചില ദിവസങ്ങളില്‍ വാഷിംഗ്ടണ്‍ നാല് എറിയുന്നു, ചില ദിവസങ്ങളില്‍ ദുബെയോ അര്‍ഷ്ദീപോ എറിയുന്നത് കുറവായിരിക്കാം. എല്ലാവരും മുന്നോട്ട് വന്ന് ടീമിന് ആവശ്യമുള്ളത് ചെയ്യാന്‍ തയ്യാറാണ്.'' സൂര്യ പറഞ്ഞു.

ഭേദപ്പെട്ട തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് - മാത്യു ഷോര്‍ട്ട് (25) സഖ്യം 37 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ ഷോര്‍ട്ട് പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസിനൊപ്പം 30 റണ്‍സും മാര്‍ഷ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12 റണ്‍സെടത്ത ഇംഗ്ലിസിനെ ബൗള്‍ഡാക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 67 എന്ന നിലയിലായി ഓസീസ്. ഇതോടെ ടീമിന്റെ തകര്‍ച്ചയും തുടങ്ങി. ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ കേവലം 52 റണ്‍സിനിടെ ആതിഥേയര്‍ക്ക് നഷ്ടമായി. 30 റണ്‍സെടുത്ത മാര്‍ഷ് പത്താം ഓവറില്‍ മടങ്ങി.

ടിം ഡേവിഡ് (14), മാര്‍കസ് സ്‌റ്റോയിനിസ് (17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (2), ബെന്‍ ഡ്വാര്‍ഷ്വിസ് (5), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (0), ആഡം സാംപ (0) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നതാന്‍ എല്ലിസ് (2) പുറത്താവാതെ നിന്നു. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍