
അബുദാബി: ഒമാന്‍ ക്രിക്കറ്റ് ടീമിനെ വാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇന്നലെ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഒമാനെതിരെ 21 റണ്‍സിന് ജയിച്ചിരുന്നു. പിന്നാലെ മത്സരത്തിന് ശേഷമാണ് സൂര്യകുമാര്‍ ഒമാന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് സംസാരിച്ചത്. അബുദാബി, ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ ഒമാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത്.
മത്സരത്തിന് പിന്നാലെയാണ് ഒമാന്‍ ടീമിനെ കുറിച്ച് സൂര്യകുമാര്‍ സംസാരിച്ചത്. സൂര്യയുടെ വാക്കുകള്‍... ''മൊത്തത്തില്‍, ഒമാന്‍ അവിശ്വസനീയമായ ക്രിക്കറ്റ് പുറത്തെടുത്തുവെന്ന് എനിക്ക് തോന്നുന്നു. അവരുടെ പരിശീലകനായ സുലക്ഷന്‍ കുല്‍ക്കര്‍ണിയെ എനിക്കറിയാം. അദ്ദേഹത്തില്‍ നിന്ന് ടീമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചു. അവര്‍ ബാറ്റ് ചെയ്യുന്നത് കാണുന്നത് ശരിക്കും ആസ്വദിച്ചു.'' സൂര്യകുമാര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ചും സൂര്യകുമാര്‍ സംസാരിച്ചു. ''പുറത്തിരിക്കുമ്പോള്‍ പെട്ടെന്നുവന്ന് കളിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. എങ്കിലും പോലും അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് നന്നായി പന്തെറിയാന്‍ സാധിച്ചു. ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്താകല്‍ നിര്‍ഭാഗ്യകരമായി പോയി. പക്ഷേ അദ്ദേഹത്തെ കളിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിയില്ല. അദ്ദേഹം ബൗള്‍ ചെയ്ത രീതി പ്രശംസിക്കപ്പെടേണ്ടതാണ്.'' സൂര്യകുമാര്‍ വ്യക്തമാക്കി.
ഞായറാഴ്ച്ചയിലെ സൂപ്പര്‍ ഫോര്‍ മത്സരത്തെ കുറിച്ച് സൂര്യകുമാര്‍ പറഞ്ഞതിങ്ങനെ... 'സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ടീം തയ്യാറാണ്.' എന്നാല്‍ സൂര്യകുമാര്‍ പറഞ്ഞത്. ഏഷ്യാ കപ്പില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളിലും ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ പാകിസ്ഥാനേയും തീര്‍ത്തു. ഇപ്പോള്‍ ഒമാനേയും.
നാളെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 24ന് ബംഗ്ലാദേശിനേയും 26ന് ശ്രീലങ്കയേയും നേരിടും. മൂന്ന് മത്സരങ്ങളും ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.