രണ്ടാം ടി20: തകര്‍പ്പന്‍ റെക്കോര്‍‍ഡുകള്‍ക്കരികെ സൂര്യകുമാര്‍; ധോണിക്കൊപ്പം എലൈറ്റ് പട്ടികയ്‌ക്ക് അരികെ

By Jomit JoseFirst Published Oct 2, 2022, 6:11 PM IST
Highlights

ഇന്ന് 24 റണ്‍സ് നേടിയാല്‍ രാജ്യാന്തര ടി20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ വേഗമേറിയ ഇന്ത്യന്‍ താരം എന്ന നേട്ടം സ്കൈക്ക് സ്വന്തമാകും

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കേ തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ കാത്ത് സവിശേഷ റെക്കോര്‍ഡ്. രാജ്യാന്തര ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്നതിന് 24 റണ്‍സ് മാത്രം അകലെയാണ് സൂര്യ. 976 റണ്‍സാണ് സൂര്യകുമാര്‍ യാദവിന് നിലവിലുള്ളത്. ഇതിനൊപ്പം ഒരുപിടി റെക്കോര്‍ഡുകളും സ്കൈയെ കാത്തിരിക്കുന്നു. 

രാജ്യാന്തര ടി20യില്‍ 31 ഇന്നിംഗ്‌സുകളില്‍ 1000 റണ്‍സ് തികച്ച പാക് സ്റ്റാര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍റെ റെക്കോര്‍ഡിന് തൊട്ടരികെയാണ് സൂര്യകുമാര്‍ യാദവ്. ഇതിനൊപ്പം 24 റണ്‍സ് നേടിയാല്‍ രാജ്യാന്തര ടി20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ വേഗമേറിയ ഇന്ത്യന്‍ താരം എന്ന നേട്ടം സ്കൈക്ക് സ്വന്തമാകും. 27 ഇന്നിംഗ്‌സില്‍ 1000 തികച്ച വിരാട് കോലിയാണ് വേഗത്തില്‍ ക്ലബിലെത്തിയ ഇന്ത്യന്‍ താരം. 29 ഇന്നിംഗ്‌സില്‍ നേട്ടത്തിലെത്തിയ കെ എല്‍ രാഹുലാണ് രണ്ടാമത്. 1000 റണ്‍സ് തികച്ചാല്‍ രാജ്യാന്തര ടി20യില്‍ ആയിരം റണ്‍സ് ക്ലബിലെത്തുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരവുമാകും സൂര്യകുമാര്‍. വിരാട് കോലി, രോഹിത് ശര്‍മ്മ, എം എസ് ധോണി, യുവ‌രാജ് സിംഗ്, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കൊപ്പം എലൈറ്റ് ക്ലബില്‍ സൂര്യ ഇടംപിടിക്കും. 

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ ടി20യില്‍ സൂര്യകുമാര്‍ തകര്‍പ്പന്‍ മാച്ച് വിന്നിംഗ്‌ ഇന്നിംഗ്‌സ് കാഴ്ചവെച്ചിരുന്നു. ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച പിച്ചില്‍ 33 പന്തില്‍ അര്‍ധ സെഞ്ചുറിയും കെ എല്‍ രാഹുലിനൊപ്പം പുറത്താകാതെ 93 റണ്‍സ് കൂട്ടുകെട്ടുമായി സൂര്യകുമാര്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ ജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം രാജ്യാന്തര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സൂര്യ സ്വന്തമാക്കിയിരുന്നു. 2022ല്‍ 180.29 സ്ട്രൈക്ക് റേറ്റില്‍ 732 റണ്‍സ് നേടിയിട്ടുണ്ട് ഇതിനകം സൂര്യകുമാര്‍ യാദവ്. ടി20 ഫോര്‍മാറ്റില്‍ ഒരു വര്‍ഷം കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ റിസ്‌വാന്‍റെ 42 എന്ന റെക്കോര്‍ഡ് സൂര്യ മത്സരത്തില്‍ മറികടക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം സൂര്യകുമാറിന് 45 സിക്‌സുകളായി. 

രണ്ടാം ടി20: ഗുവാഹത്തിയില്‍ മഴയ്‌ക്ക് പുറമെ മറ്റൊരു കനത്ത ആശങ്കയും

click me!