ബര്‍സാപര സ്റ്റേഡിയത്തിലെ സൗകര്യങ്ങളെ കുറിച്ച് വലിയ ആശങ്കകളാണ് നിലനില്‍ക്കുന്നത്

ഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20ക്ക് മുമ്പ് ബര്‍സാപര സ്റ്റേഡിയത്തിന്‍റെ ആകാശത്ത് ആശങ്കകള്‍ മൂടിക്കെട്ടുകയാണ്. കനത്ത മഴ ആശങ്കകള്‍ക്കിടെയാണ് ഇന്ന് മത്സരം നടക്കുക. മത്സരസമയത്ത് മഴയ്ക്ക് 40 ശതമാനം സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ മഴ മത്സരം തടസപ്പെടുത്തിയേക്കാം. ഇതിനൊപ്പം മറ്റൊരു ആശങ്ക കൂടി സ്റ്റേഡിയത്തിലുണ്ട്. 

ബര്‍സാപര സ്റ്റേഡിയത്തിലെ സൗകര്യങ്ങളെ കുറിച്ച് വലിയ ആശങ്കകളാണ് നിലനില്‍ക്കുന്നത്. മഴ പെയ്‌താല്‍ വെള്ളം പൂര്‍ണമായും നീക്കാനുള്ള സൗകര്യങ്ങളുടെ അഭാവം അവസാനം ഇവിടെ നടന്ന മത്സരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 2020ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇവിടെ നടന്ന മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. പിച്ചുകളുടെ കവര്‍ മാറ്റാനും ഈര്‍പ്പം കളയാനുമുള്ള സൗകര്യങ്ങളുടെ അഭാവമായിരുന്നു അന്ന് ഇതിന് കാരണം. സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ പരിഷ്‌കരിച്ചോ എന്ന കാര്യത്തില്‍ വ്യക്തത ഇതുവരെ വന്നിട്ടില്ല. 

ഇന്നുരാത്രി ഏഴ് മണിക്കാണ് ഗുവാഹത്തിയില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നടക്കുക. 6.30ന് ബര്‍സാപര സ്റ്റേഡിയത്തില്‍ ടോസ് വീഴും. സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്നി+ ഹോട്സ്റ്റാറിലൂടേയും മത്സരം തല്‍സമയം കാണാം. 

ഇതിന് മുമ്പ് 21 തവണ ഇരു ടീമുകള്‍ ടി20യില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യയുടെ പേരിലാണ്. 12 വിജയങ്ങള്‍ ഇന്ത്യ അക്കൗണ്ടിലാക്കി. എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. അധികം റണ്‍സൊഴുകുന്ന പിച്ച് അല്ല ഗുവാഹത്തിയിലേത്. തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20 ഇന്ത്യ വിജയിച്ചതിനാല്‍ ഇന്ന് ജയിച്ചാല്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ഒരു മത്സരം അവശേഷിക്കേ പരമ്പര സ്വന്തമാക്കാം. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്. 

പരിശീലനം മുടങ്ങി, ഒടുവില്‍ രോഹിത് ശര്‍മ്മ ഗുവാഹത്തിയില്‍; ഇന്ന് കളിക്കുമോ?