ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമില്‍ അയാള്‍ക്ക് ഇടമുണ്ടാകില്ലെന്ന് ലക്ഷ്മണ്‍

By Web TeamFirst Published Mar 22, 2021, 7:41 PM IST
Highlights

എന്നാല്‍ സൂര്യകുമാറിന് ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാനിടയില്ലെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. സൂര്യകുമാറിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന് എനിക്കുറപ്പില്ല. കാരണം, ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് അത്രക്കുണ്ടെന്ന് ലക്ഷ്മണ്‍

പൂനെ: ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ടിനെ തൂത്തുവാരാന്‍ ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തിനാണ് ചൊവ്വാഴ്ച പൂനെയില്‍ തുടക്കമാകുന്നത്. ടി20 പരമ്പരയില്‍ മിന്നിത്തിളങ്ങിയ സൂര്യകുമാര്‍ യാദവിന് ഏകദിന പരമ്പരയില്‍ അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ സൂര്യകുമാറിന് ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാനിടയില്ലെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. സൂര്യകുമാറിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന് എനിക്കുറപ്പില്ല. കാരണം, ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് അത്രക്കുണ്ടെന്ന് ലക്ഷ്മണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് കണക്ടില്‍ പറഞ്ഞു. ടെസ്റ്റ് ആയാലും ടി20 ആയാലും ഏകദിനമായാലും സൂര്യകുമാറിന് ടീമില്‍ അവസരം കിട്ടാന്‍ ബുദ്ധിമുട്ടാണ്.

കാരണം രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ഒട്ടേറെ താരങ്ങളുടെ സാന്നിധ്യം തന്നെയാണ്. സൂര്യകുമാര്‍ മികച്ച ഫോമിലാണെന്നത് ശരിയാണ്. പക്ഷെ രാജ്യാന്തര ക്രിക്കറ്റില്‍ മികവും സ്ഥിരതയും തെളിയിച്ചവര്‍ക്കൊപ്പമാണ് ഞാന്‍. അതുകൊണ്ടുതന്നെ ആദ്യ ഏകദിനത്തില്‍ എന്തായാലും സൂര്യകുമാറിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല. സൂര്യകുമാറിനെയോ ശ്രേയസിനെയോ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ താന്‍ ശ്രേയസിനെ തെരഞ്ഞെടുക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഇവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ആറാം നമ്പറില്‍ ആധികാരികതയോടെയാണ് ശ്രേയസ് ബാറ്റ് ചെയ്യുന്നത് എന്നത് കാണാതിരിക്കാനാവില്ല. സാഹചര്യത്തിന് അനുസരിച്ച് ബാറ്റിംഗ് വേഗം കൂട്ടാനും കുറക്കാനുമൊക്കെ ശ്രേയസിന് കഴിയും. ശരിക്കും നാലാം നമ്പറിലാണ് ശ്രേയസ് കൂടുതല്‍ അനുയോജ്യന്‍. പക്ഷെ ഏത് സ്ഥാനത്തും അദ്ദേഹത്തിന് ബാറ്റ് ചെയ്യാനാവും.

പ്രതിഭയുടെ കാര്യത്തില്‍ സൂര്യകുമാര്‍ ഒട്ടും പുറകിലല്ല. പക്ഷെ പരിചയസമ്പത്തുകൂടി കണക്കിലെടുത്താല്‍ ശ്രേയസിന് തന്നെയാണ് അവസരം ലഭിക്കേണ്ടതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

click me!