ഐപിഎല്ലിലും ഓപ്പണറായി ഇറങ്ങുമെന്ന് കോലി

By Web TeamFirst Published Mar 22, 2021, 5:22 PM IST
Highlights

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയെന്നും എന്നാല്‍ ഭാവിയില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങുന്ന കാര്യം തന്‍റെ സജീവ പരിഗണനയിലാണെന്നും കോലി വ്യക്തമാക്കി

പൂനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി തിളങ്ങിയ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയെന്നും എന്നാല്‍ ഭാവിയില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങുന്ന കാര്യം തന്‍റെ സജീവ പരിഗണനയിലാണെന്നും കോലി വ്യക്തമാക്കി. ഒന്നാമത്തെ കാര്യം, ആരൊക്കെ ഓപ്പണറായി ഇറങ്ങണമെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് തീരുമാനിക്കാനാവില്ല. അവിടെ ടീം മാനേജ്മെന്‍റാണ് അന്തിമ തീരുമാനം എടുക്കുന്നത്. അതുപോലെ ടീം സെലക്ട് ചെയ്യുമ്പോള്‍ സെലക്ടര്‍മാരുടെ അധികാരത്തില്‍ ടീം മാനേജ്മെന്‍റിനും പങ്കില്ല.

രണ്ടാമത്തെ കാര്യം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഞാന്‍ ഓപ്പണറായി എത്തിയത് രോഹിത് പറഞ്ഞതുപോലെ തന്ത്രപരമായ നീക്കമായിരുന്നു. പക്ഷെ രോഹിത്തിനൊപ്പമുള്ള ബാറ്റിംഗ് ഞാന്‍ ശരിക്കും ആസ്വദിച്ചു. ഞങ്ങള്‍ ആസ്വദിച്ചാണ് ബാറ്റ് ചെയ്തത്. ഞങ്ങള്‍ ഒരുമിച്ച് ബാറ്റ് ചെയ്താല്‍ അത് എതിരാളികളെ പ്രതിരോധത്തിലാക്കുമെന്ന് മനസിലായെങ്കിലും ഓപ്പണര്‍ റോളില്‍ ഞാന്‍ തുടരുമെന്നതിന്  ഒരു ഗ്യാരണ്ടിയുമില്ല-കോലി പറഞ്ഞു.

എന്നാല്‍ ഐപിഎല്ലില്‍ ഞാന്‍ ഓപ്പണറായി എത്തും. എല്ലാ സാധ്യതകളും പരീക്ഷിക്കുന്നതിനു വേണ്ടിയാണത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇനി ഓപ്പണറെന്ന നിലയില്‍ എന്‍റെ പ്രകടനം കൂടി വിലയിരുത്തേണ്ടതുണ്ട്. ഓപ്പണറായി തിളങ്ങാന്‍ കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിനെപ്പോലൊരു കളിക്കാരന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനാവും.

കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം പുറത്തെടുത്തതുപോലൊരു ഇന്നിംഗ്സ് കളിക്കുകയാണെങ്കില്‍ എനിക്ക് ഓപ്പണറായി കളിക്കാനും അല്ലെങ്കില്‍ ടീം ആവശ്യപ്പെടുന്ന ഏത് സ്ഥാനത്ത് കളിക്കാനും കഴിയും. ട20 ലോകകപ്പ് ആവുമ്പോഴേക്കും ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നും കോലി പറഞ്ഞു.

click me!