Syed Mushtaq Ali T20 | കേരളത്തിന്‍റെ പ്രയാണത്തിന് അന്ത്യം; അഞ്ച് വിക്കറ്റ് ജയത്തോടെ തമിഴ്‌നാട് സെമിയില്‍

Published : Nov 18, 2021, 12:15 PM ISTUpdated : Nov 18, 2021, 12:23 PM IST
Syed Mushtaq Ali T20 | കേരളത്തിന്‍റെ പ്രയാണത്തിന് അന്ത്യം; അഞ്ച് വിക്കറ്റ് ജയത്തോടെ തമിഴ്‌നാട് സെമിയില്‍

Synopsis

182 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ തമിഴ്‌നാട് സ്വന്തമാക്കുകയായിരുന്നു

ദില്ലി: സയ്യിദ് മുഷ്‌താഖ് അലി ടി20 ക്രിക്കറ്റില്‍(Syed Mushtaq Ali T20) ക്വാര്‍ട്ടറില്‍ കേരളത്തിന്(Kerala Cricket Team) മടക്കം. അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍(Tamil Nadu vs Kerala Quarter Final 1) നിലവിലെ ചാമ്പ്യന്‍മാരായ തമിഴ്‌നാട്(Tamilnadu Cricket Team) അഞ്ച് വിക്കറ്റിന് കേരളത്തെ തകര്‍ത്ത് സെമിയിലേക്ക് കുതിച്ചു. 182 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ തമിഴ്‌നാട് സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: കേരളം-181/4 (20), തമിഴ്‌നാട്- 187/5 (19.3)

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ വെടിക്കെട്ട് കാഴ്‌ചവെച്ച നായകന്‍ സഞ്ജു സാംസണ്‍ പൂജ്യത്തില്‍ പുറത്തായത് ഒരുവേള ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് വിഷ്‌ണു വിനോദ് നടത്തിയ സിക്‌സര്‍ വെടിക്കെട്ട് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചു.  

രോഹന്‍ കുന്നുമ്മലിന് ഫിഫ്റ്റി

ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍-മുഹമ്മദ് അസ്‌ഹറുദ്ദീന്‍ സഖ്യം 6.3 ഓവറില്‍ 54 റണ്‍സ് ചേര്‍ത്തു. 14 പന്തില്‍ 15 റണ്‍സെടുത്ത അസ്‌ഹറിനെ മുരുകന്‍ അശ്വിന്‍റെ പന്തില്‍ സന്ദീപ് വാര്യര്‍ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കുകയായിരുന്നു. രോഹന്‍ 39 പന്തില്‍ 50 തികച്ചെങ്കിലും സഞ്ജയ്‌ യാദവിന്‍റെ 13-ാം ഓവര്‍ കേരളത്തിന് ഇരട്ട പ്രഹരം നല്‍കി. നാലാം പന്തില്‍ രോഹനും(43 പന്തില്‍ 51) അവസാന പന്തില്‍ സഞ്ജുവും മടങ്ങി. രണ്ട് പന്ത് നേരിട്ട സ‌ഞ്ജു മുരുകന്‍ അശ്വിന്‍റെ പറക്കും ക്യാച്ചിലാണ് പൂജ്യത്തില്‍ പുറത്തായത്. 

വിഷ്‌ണു വിനോദിന് 26 പന്തില്‍ 65*

നാലാം വിക്കറ്റില്‍ സച്ചിന്‍ ബേബി-വിഷ്‌ണു വിനോദ് സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം കേരളത്തിന് തുണയായി. സച്ചിന്‍ കരുതലോടെ കളിച്ചപ്പോള്‍ വിഷ്‌ണു അവസാന മൂന്ന് ഓവറുകളില്‍ സിക്‌സര്‍ മഴയുമായി വെടിക്കെട്ട് പൊഴിച്ചു. 17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 119-3 എന്ന നിലയിലായിരുന്നു കേരളം. സന്ദീപ് വാര്യരുടെ 18-ാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സടിച്ച് വിഷ്‌ണു ടോപ് ഗിയറിലായി. എം മുഹമ്മദിന്‍റെ 19-ാം ഓവറില്‍ മൂന്ന് സിക്‌സര്‍ സഹിതം 19 റണ്‍സും പിറന്നു. ഇതോടെ 22 പന്തില്‍ വിഷ്‌ണു അര്‍ധസെഞ്ചുറി തികച്ചു. 

അവസാന മൂന്ന് ഓവറില്‍ 62 റണ്‍സ്

ഇതിനിടെ സച്ചിന്‍ ബേബി(32 പന്തില്‍ 33) പുറത്തായത് കേരളത്തെ ബാധിച്ചില്ല. ശരവണ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സ് കൂടി ചേര്‍ത്ത് വിഷ്‌ണുവും സജീവന്‍ അഖിലും കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് ആനയിച്ചു. വിഷ്‌ണു 26 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സറും സഹിതം 65* റണ്‍സും അഖില്‍ 4 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 9* റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറില്‍ 62 റണ്‍സാണ് കേരളം അടിച്ചുകൂട്ടിയത്. 

തമിഴ്‌നാടിനും മികച്ച തുടക്കം

മറുപടി ബാറ്റിംഗില്‍ തമിഴ്‌നാടിനും മികച്ച തുടക്കം കിട്ടി. ഏഴ് പന്തില്‍ അത്ര തന്നെ റണ്‍സെടുത്ത എന്‍ ജഗദീശന്‍ മൂന്നാം ഓവറില്‍ പുറത്തായെങ്കിലും തമിഴ്‌നാടിന്‍റെ സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് പിറന്നിരുന്നു. കെ എം ആസിഫിനായിരുന്നു വിക്കറ്റ്. സഹ ഓപ്പണര്‍ ഹരി നിശാന്ത് 22 പന്തില്‍ 32 റണ്‍സ് നേടി ഏഴാം ഓവറില്‍ ഉണ്ണിക്കൃഷ്‌ണന്‍ മനുകൃഷ്‌ണന് കീഴടങ്ങിയപ്പോഴും സ്‌കോര്‍ ബോര്‍ഡില്‍ മികച്ച സ്‌കോര്‍ എഴുതപ്പെട്ടു. ഇതോടെ തമിഴ്‌നാട് 6.1 ഓവറില്‍ 58-2. 

നിര്‍ണായകം മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്

മൂന്നാം വിക്കറ്റില്‍ സായ് സുദര്‍ശന്‍- വിജയ് ശങ്കര്‍ സഖ്യം തമിഴ്‌നാടിനെ 11-ാം ഓവറില്‍ 100 കടത്തി. എന്നാല്‍ 13-ാം ഓവറില്‍ സായ്‌യെ(31 പന്തില്‍ 46) ബൗള്‍ഡാക്കി എസ് മിഥുന്‍ കേരളത്തിന് ബ്രേക്ക്‌ത്രൂ നല്‍കി. 17-ാം ഓവറിലെ രണ്ടാം പന്തില്‍ നായകന്‍ വിജയ് ശങ്കറിനെ(26 പന്തില്‍ 33) മനുകൃഷ്‌ണന്‍ പറഞ്ഞയച്ചു. പക്ഷേ സഞ്ജയ് യാദവിനൊപ്പം ഷാരൂഖ് ഖാനും ചുവടുറപ്പിച്ചതോടെ തമിഴ്‌നാട് അനായാസം ജയത്തിലെത്തി.  

ഫിനിഷറായി ഷാരൂഖ് ഖാന്‍

സുരേഷിന്‍റെ 18-ാം ഓവറില്‍ ഷാരൂഖ് രണ്ട് സിക്‌സര്‍ പറത്തിയപ്പോള്‍ ആകെ 19 പിറന്നതോടെ അവസാന രണ്ട് ഓവറില്‍ 14 റണ്‍സായി തമിഴ്‌നാടിന്‍റെ വിജയലക്ഷ്യം കുറഞ്ഞു. 19-ാം ഓവറിലെ അവസാന പന്തില്‍ സഞ്ജയ്(22 പന്തില്‍ 32) മനുകൃഷ്‌ണന് കീഴടങ്ങി. അവസാന ഓവറില്‍ വേണ്ടിയിരുന്ന നാല് റണ്‍സ് മൂന്ന് പന്തില്‍ തമിഴ്‌നാട് നേടി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി എം മുഹമ്മദ് ജയം തമിഴ്‌നാടിന്‍റേതാക്കി. ഷാരൂഖ്(9 പന്തില്‍ 19*), മുഹമ്മദ്(1 പന്തില്‍ 6*) പുറത്താകാതെ നിന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്