
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫിയില്‍ അരങ്ങേറ്റത്തില്‍ തന്നെ വെടിക്കെട്ട് സെഞ്ചുറി നേടി ലോക റെക്കോര്‍ഡിനൊപ്പമെത്തി ബറോഡ താരം അമിത് പാസി. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ സര്‍വീസസിനെതിരെ 55 പന്തില്‍ 114 റണ്‍സടിച്ചാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ അമിത് പാസി ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. ടി20 അരങ്ങേറത്തില്‍ ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡിനൊപ്പമാണ് അമിത് പാസി എത്തിയത്.
2015 മെയില്‍ പാകിസ്ഥാന്‍ താരം ബിലാല്‍ ആസിഫ് ആഭ്യന്തര ടി20 ടൂര്‍ണമെന്‍റില്‍ സിയാല്‍കോട്ട് സ്റ്റാലിയോൺസിനായി 48 പന്തില്‍ 114 റണ്‍സടിച്ചതായിരുന്നു ടി20 അരങ്ങേറ്റത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഇതിനൊപ്പമാണ് അമിത് പാസിയും എത്തിയത്. 10 ഫോറും ഒമ്പത് സിക്സും അടങ്ങുന്നതാണ് 26കാരനായ പാസിയുടം ഇന്നിംഗ്സ്. ടി20 ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് അമിത് പാസി. പഞ്ചാബ് താരം ശിവം ബാംബ്രി, ഹൈദരാബാദ് താരം അക്ഷത് റെഡ്ഡി എന്നിവരാണ് പാസിക്ക് മുമ്പ് ടി20 അരങ്ങേറ്റത്തില്‍ സെഞ്ചുറി അടിച്ചവര്‍. മൂന്ന് പേരും മുഷ്താഖ് അലി ട്രോഫിയില്‍ തന്നെയാണ് സെഞ്ചുറി നേടിയത് എന്നതും പ്രത്യേകതയാണ്.
പാസിയുടെ സെഞ്ചുറി കരുത്തില്‍ സര്‍വീസസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സടിച്ചു. 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ പാസി 44 പന്തിലായിരുന്നു സെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി തികച്ച ശേഷം പിന്നീട് നേരിട്ട 31 പന്തില്‍ 64 റണ്‍സാണ് പാസി അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാനായി പോയതിനാല്‍ ജിതേഷ് ശര്‍മക്ക് പകരക്കാരനായാണ് ബറോഡ പാസിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക