മുഷ്താഖ് അലി ടി20യിലും കഷ്ടകാലം തീരാതെ ധവാന്‍

By Web TeamFirst Published Nov 14, 2019, 6:11 PM IST
Highlights

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തിയ ധവാനെ ടീമില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ദില്ലി: മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും മോശം പ്രകടനം തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ധവാന്‍ ഒമ്പത് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. മത്സരത്തില്‍ ജമ്മു എട്ടു വിക്കറ്റിന് ദില്ലിയെ തോല്‍പ്പിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ദില്ലിയുടെ ആദ്യ തോല്‍വിയാണിത്.

നിതീഷ് റാണയുടെ ബാറ്റിംഗ് മികവില്‍(30 പന്തില്‍ 55) ആദ്യം ബാറ്റ് ചെയ്ത ദില്ലി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ 15.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കശ്മീര്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ ശുഭം ഖജൂറിയ(22 പന്തില്‍ 49), ജതിന്‍ വധവാന്‍(33 പന്തില്‍48), മന്‍സൂര്‍ ധര്‍(24 പന്തില്‍ 58) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് കശ്മീരിന് അനായസ ജയം സമ്മാനിച്ചത്.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തിയ ധവാനെ ടീമില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ധവാന്റെ മെല്ലെപ്പോക്കാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നം വിലയിരുത്തലുകളുണ്ടായി.

click me!