
ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. 150 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 19 റണ്‍സെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സല്‍മാന്‍ നിസാര്‍ 18 റണ്‍സെടുത്തപ്പോള്‍ അഖില്‍ സ്കറിയയും അങ്കിത് ശര്‍മയും 15 റണ്‍സ് വീതമെടുത്തു. റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്നും ശിവം ചൗധരി രണ്ടും വിക്കറ്റെടുത്തു. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളം ഒഡിഷയെ 10 വിക്കറ്റിന് തകര്‍ത്തിരുന്നു. സ്കോര്‍ റെയില്‍വേസ് 20 ഓവറില്‍ 149-7, കേരളം 20 ഓവറില്‍ 117-8.
150 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റൻ സഞ്ജു സാംസണും കഴിഞ്ഞ മത്സരത്തില്‍ ഒഡീഷക്കെതിരെ സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് 4.5 ഓവറിലാണ് 25 റണ്‍സെടുത്തത്. രോഹനെ(14 പന്തില്‍ 8) മടക്കിയ ആകാഷ് പാണ്ഡെയാണ് കേരളത്തിന് ആദ്യ തിരിച്ചടി നല്‍കിയത്. അഹമ്മദ് ഇമ്രാനും സഞ്ജുവും ചേര്‍ന്ന് കേരളത്തെ മുന്നോട്ട് നയിച്ചെങ്കലും ഒമ്പതാം ഓവറിലെ അവസാന പന്തില്‍ അഹമ്മദ് ഇമ്രാനും(15 പന്തില്‍ 12) പിന്നാലെ സഞ്ജുവും(25 പന്തില്‍ 19) പുറത്തായി. രണ്ട് ഫോറും ഒരു സിക്സും പറത്തിയെങ്കിലും സഞ്ജുവിന് തുടക്കത്തിലെ തകര്‍ത്തടിക്കാന്‍ കഴിയാതിരുന്നത് കേരളത്തിന് തിരിച്ചടിയായി.
വിഷ്ണു വിനോദും(7) അബ്ദുള്‍ ബാസിതും(7) പിന്നാലെ മടങ്ങിയതോടെ കേരളം 13-ാം ഓവറില്‍ 58-5ലേക്ക് കൂപ്പുകുത്തി. സല്‍മാന്‍ നിസാറും അഖില്‍ സ്കറിയയും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും 14 പന്തില്‍ 18 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ അടല്‍ ബിഹാരി റായി പുറത്താക്കിയത് കേരളത്തിന് തിരിച്ചടിയായി. 18 പന്തില്‍ 16 റണ്‍സെടുത്ത അഖില്‍ സ്കറിയയെയും റായ് മടക്കിയതോടെ കേരളം തോല്‍വി ഉറപ്പിച്ചു. 11 പന്തില്‍ 15 റൺസുമായി പുറത്താകാതെ നിന്ന അങ്കിത് ശര്‍മയുടെ പോരാട്ടത്തിന് കേരളത്തിന്‍റെ തോല്‍വി ഭാരം കുറക്കാനെ കഴിഞ്ഞുള്ളു. നാലു റണ്‍സുമായി എംഡി നിധീഷും അങ്കിതിനൊപ്പം പുറത്താകാതെ നിന്നു. റെയില്‍വേസിനായി അടല്‍ ബിഹാരി റായ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ശിവം ചൗധരി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്‍റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു. കേരളത്തിനായി ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ മത്സരത്തില്‍ ഒഡീഷയെ കേരളം 10 വിക്കറ്റിന് തകര്‍ത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക