Syed Mushtaq Ali| അവസാന പന്തില്‍ ഷാറുഖിന്റെ സിക്‌സ്; കര്‍ണാടകയ്‌ക്കെതിരെ മിന്നും ജയം, തമിഴ്‌നാടിന് കിരീടം

By Web TeamFirst Published Nov 22, 2021, 3:58 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട്  20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ത്രസിക്കുന്ന ജയം സ്വന്തമാക്കി.

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20 കിരീടം തമിഴ്‌നാടിന്. നിലവിലെ ചാംപ്യന്മാായ തമിഴ്‌നാട് കര്‍ണാടകയെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. അവസാന പന്തില്‍ സിക്‌സ് നേടി ഷാറുഖ് ഖാനാണ് (15 പന്തില്‍ 33) തമിഴ്‌നാടിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംിഗിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട്  20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ത്രസിക്കുന്ന ജയം സ്വന്തമാക്കി. 

അവസാന ഓവറില്‍ 16 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രതീക് ജെയ്ന്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സായ് കിഷോര്‍ ബൗണ്ടറി നേടി. രണ്ടാം പന്തില്‍ സിംഗിള്‍. ഷാറുഖ് സ്‌ട്രൈക്ക് ചെയ്യാനെത്തി. നാല് പന്തില്‍ ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. മൂന്നാം പന്ത് വൈഡ്. അടുത്ത പന്തില്‍ ഒരു റണ്‍. നാലാം പന്തില്‍ വീണ്ടും ഒരു റണ്‍. ഷാറുഖ് വീണ്ടും സ്‌ട്രൈക്ക്. രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍സ്. അഞ്ചാം പന്ത് വൈഡായി. അഞ്ചാം പന്ത് വീണ്ടുമെറിഞ്ഞപ്പോള്‍ രണ്ട് റണ്‍സ് ലഭിച്ചു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ്. അവസാന പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ ഷാറുഖ് സിക്‌സടിച്ച് വിജയമാഘോഷിച്ചു. സായ് കിഷോര്‍ (6) പുത്താവാതെ നിന്നു. 

152 റണ്‍സ് വിജയലക്ഷ്യത്തിേലക്ക് ബാറ്റേന്തിയ തമിഴ്‌നാടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 12 പന്തില്‍ 23 റണ്‍സെടുത്ത ഹരി നിശാന്താണ് ആദ്യം പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (9), ക്യാപ്റ്റന്‍ വിജയ് ശങ്കര്‍ (18), സഞ്ജയ് യാദവ് (5), എം മുഹമ്മദ് എന്നിവര്‍ (5) നിരാശപ്പെടുത്തി. മറ്റൊരു ഓപ്പണറായ നാരായണ്‍ ജഗദീഷന്റെ (46 പന്തില്‍ 41) മെല്ലെപ്പോക്ക് തമിഴ്‌നാടിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ ഷാറുഖിന്റെ ഇന്നിംഗ്‌സ് തമിഴ്‌നാടിന് കിരീടം സമ്മാനിച്ചു. കെ സി കരിയപ്പ രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ, അഭിനവ് മനോഹര്‍ (46), പ്രവീണ്‍ ദുബെ (33) എന്നിവരുടെ ഇന്നിംഗ്‌സാണ് കര്‍ണാടകയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. രോഹന്‍ കഡം (0), മനീഷ് പാണ്ഡെ (13), കരുണ്‍ നായര്‍ (18), ബി ആര്‍ ശരത് (16), ജെ സുജിത്ത് (18) എന്നിവരാണ് പുറത്തായ താരങ്ങള്‍. ദര്‍ശന്‍ (0) പുറത്താവാതെ നിന്നു. സായ് കിഷോര്‍ തമിഴ്‌നാടിനായി മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം സന്ദീപ് വാര്യര്‍ക്ക് ഒരു വിക്കറ്റുണ്ട്. ഇന്ത്യന്‍ താരം ടി നടരാജന്‍ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. 

മൂന്നാം തവണയാണ് തമിഴ്‌നാട് സയ്യിദ് മുഷ്താഖ് അലി ജേതാക്കളാകുന്നത്. 2020ല്‍ ബറോഡയെ തോല്‍പ്പിച്ച് തമിഴ്‌നാട് കിരീടം നേടി. 2006ല്‍ ടൂര്‍ണമെന്റിന്റെ അരങ്ങേറിയപ്പോള്‍ തമിഴ്‌നാടിനായിരുന്നു കിരീടം. പഞ്ചാബിനെയാണ് അന്ന് തോല്‍പ്പിച്ചത്. 2019ല്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കര്‍ണാടക കിരീടം നേടിയിരുന്നത്. അന്നത്തെ തോല്‍വിയുടെ പകരം വീട്ടലുകൂടിയായി ഇത്.

click me!