ടി20 ലോകകപ്പിലെ ഇന്ത്യയുടെ 'എക്സ് ഫാക്‌ടര്‍' ആരെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷമണ്‍

By Web TeamFirst Published Nov 18, 2020, 5:38 PM IST
Highlights

നെറ്റ് ബൗളറായാണ് ആദ്യം ഓസ്ട്രേലിയയിലേക്ക് പോയതെങ്കിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ പകരം നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഹൈദരാബാദ്: അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ വജ്രായുധം ആരായിരിക്കുമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി തിളങ്ങിയ ഇടംകൈയന്‍ പേസര്‍ ടി നടരാജനായിരിക്കും ഇന്ത്യയുടെ എക്സ് ഫാട്കറെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞതിലൂടെ യോര്‍ക്കര്‍ രാജ എന്ന വിളിപ്പേര് വീണ 29കാരനായ നടരാജന്‍ ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്‍റെ കരുത്തില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നു.

\

നെറ്റ് ബൗളറായാണ് ആദ്യം ഓസ്ട്രേലിയയിലേക്ക് പോയതെങ്കിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ പകരം നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അടുത്തവര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ ഡെത്ത് ഓവറുകളില്‍ നടരാജന്‍റെ മികവ് ആയിരിക്കും ഇന്ത്യക്ക് ഏറെ ഗുണകരമായിരിക്കുക എന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നവദീപ് സെയ്നിയുമെല്ലാം അവസാന ഓവറുകളില്‍ തകര്‍ത്തെറിയുമ്പോള്‍ ഇടംകൈയനായ നടരാജന്‍റെ മികവ് നിര്‍ണായകമാവും. തന്‍റെ യോര്‍ക്കറുകള്‍ കൊണ്ട് നടരാജന് എതിരാളികളെ കുഴപ്പിക്കാനാവും. യോര്‍ക്കറുകള്‍ മാത്രമല്ല, ഒട്ടേറെ വ്യത്യസ്തതകള്‍ നടരാജന്‍റെ ബൗളിംഗിലുണ്ട്.

അവയെല്ലാം അദ്ദേഹം ഇത്തവണ ഐപിഎല്ലില്‍ പരീക്ഷിച്ചിരുന്നില്ല. യോര്‍ക്കറുകള്‍ക്ക് പുറമെ മികച്ച ബൗണ്‍സറും, സ്ലോ ബൗണ്‍സറും ഓഫ് കട്ടറും എറിയാനറിയാവുന്ന നടരാജന് ന്യൂബോളിലും വിക്കറ്റെടുക്കാനാവുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഐപിഎല്ലില്‍ എഴുപതിലധികം യോര്‍ക്കറുകള്‍ എറിഞ്ഞാണ് ഇത്തവണ നടരാജന്‍ റെക്കോര്‍ഡിട്ടത്.

click me!