ലങ്കാദഹനത്തിന് നടരാജനും; താരം പരിശീലനം ആരംഭിച്ചു

By Web TeamFirst Published May 26, 2021, 5:41 PM IST
Highlights

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു 30കാരന്‍. വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
 

ബംഗളൂരു: ഐപിഎല്ലിനിടെ പരിക്കേറ്റ സണ്‍റൈസേഴ്‌സ് ഹൈദരാാദ് പേസര്‍ ടി നടരാജന്‍ പരിശീലനം ആരംഭിച്ചു. ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാനായേക്കും. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു 30കാരന്‍. വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഈ ഐപിഎല്‍ സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് നടരാജന്‍ ഹൈദരാബാദിനായി കളിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ താരത്തിന് പരിക്കുണ്ടായിരുന്നു. ഓസീസ് പര്യടനത്തിന് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു താരം. പിന്നീട് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുമ്പോഴും താരം പൂര്‍ണമായും ഫിറ്റായിരുന്നില്ലെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

ചെന്നൈയ്‌ക്കെതിരായ ഐപിഎല്‍ മത്സരത്തിലാണ് നടരാജന്‍ അവസാനമായി കളിച്ചത്. ഐപിഎല്‍ നഷ്ടമാകുന്നതില്‍ വിഷമമുണ്ടെന്ന് നടരാജന്‍ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം പ്രധാന പേസറായിരിക്കും നടരാജന്‍. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ എന്നിവരായിരിക്കും ടീമിലെ മറ്റു പേസര്‍മാര്‍. 

ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടുന്നതിനാല്‍ മൂവരുടേയും ദൗത്യം വലുതായിരിക്കും. ശ്രീലങ്കയില്‍ അഞ്ച് ടി20 മത്സരങ്ങലും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഒരാളായിരിക്കും ഇന്ത്യയെ നയിക്കുക. പരിക്ക് മാറുകയാണെങ്കില്‍ ശ്രേയസ് അയ്യരേയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കും.

click me!