ബാബറിന്റെയും റിസ്വാന്റെയും ടി20 കരിയർ അവസാനിച്ചു? ടീമിൽ നിന്ന് ഒഴിവാക്കി പിസിബി

Published : May 21, 2025, 03:45 PM IST
ബാബറിന്റെയും റിസ്വാന്റെയും ടി20 കരിയർ അവസാനിച്ചു? ടീമിൽ നിന്ന് ഒഴിവാക്കി പിസിബി

Synopsis

2026 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ബാബറിനും റിസ്വാനും പാകിസ്ഥാൻ ടീമിലിടം ലഭിക്കാനുള്ള സാധ്യത മങ്ങി. 

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും തഴഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ബാബറിനെയും റിസ്വാനെയും ഒഴിവാക്കിയാണ് പിസിബിയുടെ പ്രഖ്യാപനം. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ടീമിലേയ്ക്ക് മടങ്ങിയെത്താൻ തയ്യാറെടുക്കുന്ന ബാബറിനും റിസ്വാനും പിസിബിയുടെ തീരുമാനം കനത്ത തിരിച്ചടിയായി മാറി.

ടി20 ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകൾക്ക് എതിരെ നടന്ന ടി20 പരമ്പരകൾ പാകിസ്ഥാൻ കൈവിട്ടിരുന്നു. ഇതോടെ, ന്യൂസിലന്‍ഡിനെതിരായ പരമ്പരയിൽ ബാബറിനും റിസ്വാനും ടീമിലിടം ലഭിച്ചിരുന്നില്ല. 4-1ന് പാകിസ്ഥാൻ പരമ്പര കൈവിടുകയും ചെയ്തു. ഇതോടെ വീണ്ടും ബാബറിനും റിസ്വാനും ടീമിലേയ്ക്ക് ക്ഷണം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇരുവരെയും പൂര്‍ണമായി അവഗണിച്ചാണ് പിസിബിയുടെ പുതിയ ടീം പ്രഖ്യാപനം എത്തിയിരിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം കളിച്ച 11 മത്സരങ്ങളിൽ 9 എണ്ണത്തിലും പരാജയം ഏറ്റുവാങ്ങിയതും പിസിബിയുടെ തീരുമാനത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന.

2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി സംഘടിപ്പിക്കുന്ന ടി20 ലോകകപ്പിന് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ബംഗ്ലാദേശ് പരമ്പര സഹായിക്കുമെന്നാണ് പിസിബിയുടെ വിലയിരുത്തൽ. ബാബറിനെയും റിസ്വാനെയും ടി20 ടീമിൽ നിന്ന് ഒഴിവാക്കാനുള്ള പിസിബിയുടെ നീക്കം കുട്ടിക്രിക്കറ്റിൽ പരിചയസമ്പന്നരായ കളിക്കാരെ ഉപയോഗിക്കുന്നതിന് പകരം ഭാവി മുന്നിൽ കണ്ട് യുവക്കൾക്ക് പ്രാധാന്യം നൽകുന്ന ടീമിനെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. ബംഗ്ലാദേശിനെതിരെ സൽമാൻ അലി ആഗയാണ് പാകിസ്ഥാനെ നയിക്കുക. ഷദാബ് ഖാനാണ് വൈസ് ക്യാപ്റ്റൻ. 

ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പുറത്തായ പ്രമുഖ കളിക്കാരിൽ ബാബറിനും റിസ്വാനും പുറമെ, ഷഹീൻ അഫ്രീദി, ഉസ്മാൻ ഖാൻ, മുഹമ്മദ് അബ്ബാസ്, സുഫിയാൻ മുഖീം എന്നിവരും ഉൾപ്പെടുന്നു. അതേസമയം, ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് വിട്ടുനിന്ന സെയിം അയൂബ്, ഫഹീം അഷ്‌റഫ്, ഹസൻ അലി, ഹുസൈൻ തലത്ത്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, സാഹിബ്‌സാദ ഫർഹാൻ എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. പിഎസ്എല്ലിലെ കളിക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് പിസിബി അറിയിച്ചു. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് നടക്കുക.

പാകിസ്ഥാൻ ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുശ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഇര്‍ഫാൻ ഖാൻ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്. 

PREV
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം