T20 World Cup‌|കറക്കി വീഴ്ത്തി സാംപ, അടിച്ചെടുത്ത് ഫിഞ്ച്, ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി ഓസീസ്

By Web TeamFirst Published Nov 4, 2021, 6:02 PM IST
Highlights

20 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്‍റെ വിജയം വേഗമാക്കിയത്. നേരത്തെ 19 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ആദം സാംപയുടെ സ്പിന്‍ മികവിന് മുന്നിലാണ് ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞത്.

ദുബായ്: ടി20 ലോകകപ്പിലെ (T20 World Cup) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ബംഗ്ലാദേശിനെ(Bangladesh) എട്ടുവിക്കറ്റിന് തകര്‍ത്ത് സെമി പ്രതീക്ഷ സജീവമാക്കി ഓസ്ട്രേലിയ(Australia). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 15 ഓവറില്‍ 72 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 6.2 ഓവറില്‍ ലക്ഷ്യം അടിച്ചെടുത്ത ഓസ്ട്രേലിയ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം സെമി സാധ്യതകളും സജീവമാക്കി. സ്കോര്‍ ബംഗ്ലാദേശ് 15 ഓവറില്‍ 73 ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 6.2 ഓവറില്‍ 78-2.

20 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്(Aaron Finch) ഓസീസിന്‍റെ വിജയം വേഗമാക്കിയത്. 82 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഓസീസ് ജയിച്ചു കയറിയത്. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ(ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍) ജയമാണിത്. 2014ല്‍ 90 പന്തുകള്‍ ബാക്കി നിര്‍ത്തി നെതര്‍ലന്‍ഡ്സിനെതിരെ ശ്രീലങ്ക ജയിച്ചതാണ് ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തിലെ വമ്പന്‍ ജയം. നേരത്തെ 19 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ആദം സാംപയുടെ(Adam Zampa) സ്പിന്‍ മികവിന് മുന്നിലാണ് ബംദ്ലാദേശ് തകര്‍ന്നടിഞ്ഞത്.

എല്ലാം വളരെ പെട്ടെന്നായിരുന്നു

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ചെറിയ വിജയലക്ഷ്യത്തിലേക്ക് അതിവേഗമാണ് ഓസീസ് ബാറ്റ് വീശിയത്. മൈനസിലുള്ള നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെ ബാറ്റു വീശിയ ഓസീസ് അതിവേഗം അത് സാധിച്ചെടുത്തു. ടസ്കിന്‍ അഹമ്മദിന്‍റെ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമെടുത്ത ഓസീസ് മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ ടോപ് ഗിയറിലായി. 12 റണ്‍സാണ് രണ്ടാം ഓവറില്‍ നേടിയത്. മൂന്നാം ഓവറില്‍ ടസ്കിനെതിരെ ഏഴ്  റണ്‍സ് മാത്രം നേടാനെ കഴിഞ്ഞുള്ളുവെങ്കിലും നാലാം ഓവറില്‍ മുസ്തഫിസുറിനെതിരെ 21 റണ്‍സടിച്ച് ആ കടം വീട്ടി.

ടസ്കിന്‍റെ അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(20 പന്തില്‍ 40) നഷ്ടമായെങ്കിലും 14 റണ്‍സ് ഓസീസ് അടിച്ചെടുത്തു. പവര്‍പ്ലേയിലെ അവസാന പന്തില്‍ ഡേവിഡ് വാര്‍ണറെ(14 പന്തില്‍ 18) ഷൊറീഫുള്‍ ഇസ്ലാം മടക്കിയെങ്കിലും ടസ്കിന്‍ അഹമ്മദിന്‍റെ അടുത്ത ഓവറില്‍ സിക്സും ഫോറും പറത്തി മിച്ചല്‍ മാര്‍ഷ് ഓസീസിനെ വിജയവര കടത്തി.

ജയത്തോടെ നാലു കളികളില്‍ ആറു പോയന്‍റുമായി ദക്ഷിണാഫ്രിക്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഓസീസ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാലു കളികളില്‍ എട്ടു പോയന്‍റുള്ള ഇംഗ്ലണ്ടാണ് ഒന്നാമത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രമെ സെമിയിലേക്ക് മുന്നേറാനാവു. വെസ്റ്റ് ഇന്‍ഡീസാണ് ഓസീസിന്‍റെ അവസാന മത്സരത്തിലെ എതിരാളികള്‍.

സാംപക്ക് മുന്നില്‍ കറങ്ങിവീണ് കടുവകള്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് ആദം സാംപയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ തകര്‍ന്നുവീഴുകയായിരുന്നു. 19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഷമീമിന് പുറമെ മുഹമ്മദ് നയിം (17), മഹ്മുദുള്ള (16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ലിറ്റണ്‍ ദാസ് (0), സൗമ്യ സര്‍ക്കാര്‍ (5), മുഷ്ഫിഖുര്‍ റഹീം (1), അഫീഫ് ഹുസൈന്‍ (0), മഹേദി ഹസന്‍ (0), മുസ്തഫിസുര്‍ റഹ്മാന്‍ (4), ഷൊറിഫുല്‍ ഇസ്ലാം (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടസ്‌കിന്‍ അഹമ്മദ് (6) പുറത്താവാതെ നിന്നു.

സാംപയ്ക്ക് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗ്ലെന്‍ മാക്‌സവെല്ലിന് ഒരു വിക്കറ്റുണ്ട്.

click me!